പത്തനംതിട്ട: വോട്ടര്‍ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയിലുള്ളത് 10,54,100 സമ്മതിദായകര്‍. അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,53,930 സ്ത്രീകളും 5,00,163 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. റാന്നി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. ആറന്മുളയില്‍ 1,24,922 സ്ത്രീകളും 1,12,428 പുരുഷന്മാരും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2,37,351 വോട്ടര്‍മാരാണുള്ളത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ 1,11,030 സ്ത്രീകളും 1,01,257 പുരുഷന്‍മാരും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2,12,288 വോട്ടര്‍മാരുണ്ട്.

അടൂര്‍ നിയോജക മണ്ഡലത്തില്‍ 1,10,802 സ്ത്രീകളും, 97,294 പുരുഷന്‍മാരും മൂന്ന് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 2,08,099 വോട്ടര്‍മാര്‍ ഉണ്ട്. കോന്നി നിയോജക മണ്ഡലത്തില്‍ 1,07,106 സ്ത്രീകളും 95,622 പുരുഷന്‍മാരും ഉള്‍പ്പടെ 2,02,728 വോട്ടര്‍മാരും റാന്നി നിയോജക മണ്ഡലത്തില്‍ 1,00,070 സ്ത്രീകളും 93,562 പുരുഷന്‍മാരും രണ്ട് ട്രാന്‍സ്ജന്‍ഡറുകളും ഉള്‍പ്പെടെ 1,93,634 വോട്ടര്‍മാരാണുള്ളത്. വോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയില്‍ വളരെ കുറവാണ്.

ഇരട്ടിപ്പ് വന്നിട്ടുള്ള വ്യക്തികളുടെ വിവരങ്ങള്‍ ബൂത്ത് തലത്തില്‍ പ്രത്യേകം എഎസ്ഡി ലിസ്റ്റ് തയാറാക്കി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ സമര്‍പ്പിക്കേണ്ട സത്യവാങ് മൂലം, വിരലടയാളം, ഫോട്ടോ എന്നിവ സൂക്ഷിക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് മതിയായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഈ തെരഞ്ഞെടുപ്പില്‍ 80 വയസിനുമേല്‍ പ്രായമുള്ളവരും, ശാരീരിക വെല്ലുവിളി നേരിടുന്നവരും, തങ്ങളുടെ വീടുകളില്‍ തന്നെ ഇരുന്ന് വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവരുടെ വീടുകളില്‍ ചെന്ന് വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ് സര്‍വര്‍, പോലീസ് ഉദ്യോഗസ്ഥന്‍, ബി എല്‍ ഒ, വീഡിയോഗ്രാഫര്‍ എന്നിവര്‍ അടങ്ങിയ 221 ടീമുകള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

നിലവില്‍ അബ്‌സന്റീ വോട്ടര്‍മാരുടെ പട്ടികയില്‍ ജില്ലയില്‍ 80 വയസിന് മുകളിലുള്ള 38,514 പേരും, ഭിന്നശേഷിക്കാരായ 16,833 പേരും പട്ടികയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 1880 പേരാണ് കോവിഡ് രോഗികളായും, ക്വാറന്റൈനിലായും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവശ്യ സര്‍വീസിലുള്ള 471 പേരും പോളിംഗ് ഉദ്യോഗസ്ഥരായ 3555 പേരും, സര്‍വീസ് വോട്ടര്‍മാരായ 3938 പേരും ഇതില്‍ ഉള്‍പ്പെടുന്നു