പത്തനംതിട്ട: ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ വിശദീകരിക്കുന്നതിന് കളക്ടറേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പിനായി ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം ഇ. മുഹമ്മദ് സഫീര്‍ സന്നിഹിതനായിരുന്നു.

കോവിഡ് രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ കൊട്ടിക്കലാശം നിര്‍ത്തലാക്കിയിട്ടുണ്ട്.

ജില്ലയില്‍ 1530 ബൂത്തുകളാണ് ഉള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 891 ബൂത്തുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. കോവിഡ് സാഹചര്യത്തില്‍ ഒരു ബൂത്തില്‍ ആയിരത്തിലധികം വോട്ടര്‍മാര്‍ ഉണ്ടാകാന്‍ പാടില്ല എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണം കൂട്ടിയത്. 453 ഓക്‌സിലറി ബൂത്തുകളാണ് പുതിയതായി സജ്ജീകരിക്കുന്നത്. ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പടെ തിരുവല്ല നിയോജക മണ്ഡലത്തില്‍ 311, റാന്നി നിയോജക മണ്ഡലത്തില്‍ 282, ആറന്മുള നിയോജക മണ്ഡലത്തില്‍ 338, കോന്നി നിയോജക മണ്ഡലത്തില്‍ 293, അടൂര്‍ നിയോജകമണ്ഡലത്തില്‍ 306 ബൂത്തുകളാണുള്ളത്.