കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകൾ തിരിച്ചറിയൽ രേഖയായി പരിഗണിക്കില്ല
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഫോട്ടോയുള്ള വോട്ടർ സ്ലിപ്പ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അത് മാത്രമായി തിരിച്ചറിയൽ രേഖയായി പരിഗണിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ ഐഡി കാർഡോ മറ്റ് 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമോ കൂടി വേണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐഡി കാർഡുള്ള വോട്ടർമാർ അത് തന്നെ ഹാജരാക്കേണ്ടതാണ്്. കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകൾ തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്നതല്ലെന്ന് കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ കഴിയാത്തവർ ഇനി പറയുന്ന 11 തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹാജരാക്കണം: 1. ആധാർ കാർഡ് 2. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ് 3. ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ നൽകുന്ന പാസ് ബുക്കുകൾ 4. തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷൂറൻസ് സ്മാർട്ട് കാർഡ് 5. ഡ്രൈവിംഗ് ലൈസൻസ് 6. പാൻ കാർഡ് 7. നാഷനൽ പോപ്പുലേഷൻ രജിസ്റ്ററിന് (എൻ.പി.ആർ) കീഴിലെ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർ.ജി.ഐ) നൽകുന്ന സ്മാർട്ട് കാർഡ് 8. ഇന്ത്യൻ പാസ്പോർട്ട് 9. ഫോട്ടോയുള്ള പെൻഷൻ രേഖ 10. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനികൾ എന്നിവ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോയുള്ള സർവീസ് ഐഡൻറിറ്റി കാർഡ് 11. എം.പിമാർ എം.എൽ.എമാർ എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.