പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങള്‍ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശിച്ചു നടപടിക്രമങ്ങള്‍ വിലയിരുത്തി. ആറന്മുള മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന മൈലപ്ര മൗണ്ട് ബഥനി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റാന്നി മണ്ഡലത്തിലെ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലാണ് കളക്ടര്‍ നേരിട്ടെത്തിയത്.

രാവിലെ 8.30 ഓടെ പ്രവര്‍ത്തന വിതരണം ആരംഭിച്ചു. ആറന്മുള മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ 32 കൗണ്ടറുകള്‍ വഴിയാണു വിതരണം ചെയ്തത്. ഒരു മുറിയില്‍ രണ്ട് കൗണ്ടര്‍ എന്ന രീതിയിലാണു സജീകരിച്ചിരുന്നത്. വിതരണം പൂര്‍ത്തിയാകുന്നതനുസരിച്ച് ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലേയും പോളിംഗ് സാമഗ്രികളുടെ വിതരണം ഒരേസമയംതന്നെ ആരംഭിച്ചിരുന്നു.

റിട്ടേണിംഗ് ഓഫീസര്‍ ജെസ്സിക്കുട്ടി മാത്യുവിന്റെ നേതൃത്വത്തിലാണ് ആറന്മുള മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നത്. റാന്നി മണ്ഡലത്തിലെ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത് റിട്ടേണിംഗ് ഓഫീസര്‍ ആര്‍.ബീനാ റാണിയുടെ നേതൃത്വത്തിലായിരുന്നു. വോട്ടിംഗ് യന്ത്രം, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് ഓരോ ബൂത്തിലും നിയോഗിക്കപ്പെട്ടിട്ടുള്ള ഓരോ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കു കൈമാറിയത്.

ഓരോ ബൂത്തിലും നാല് ജീവനക്കാരാണ് ഡ്യൂട്ടിക്കുള്ളത്. ഏറ്റുവാങ്ങിയ സാമഗ്രികള്‍ ചെക്ക് ലിസ്റ്റുമായി ഒത്തുനോക്കി ഉറപ്പിച്ച ഇവരെ ഉച്ചകഴിഞ്ഞതോടെ വിവിധ ബസുകളിലായി ബൂത്തുകളിലെത്തിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എഡിഎം ഇ മുഹമ്മദ് സഫീറും വിതരണകേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നു.