ആലപ്പുഴ: ജില്ല നാളെ (ഏപ്രില് 6) പോളിങ് ബൂത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിമുതല് വൈകിട്ട് ഏഴ് മണിവരെ നടക്കും. കോവിഡ് മാർഗരേഖകൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടക്കുക. ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 60 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഒരു പോളിങ് ബൂത്തിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1000 ആക്കിയിട്ടുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1705 പോളിങ് സ്റ്റേഷനുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 2643 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 938 അഡീഷണൽ ഓക്‌സിലറി ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. സ്ഥല പരിമിതിയുള്ള 30 ഇടത്ത് താൽക്കാലിക കെട്ടിടങ്ങൾ നിർമിച്ചാണ് ഓക്‌സിലറി പോളിങ് ബൂത്തുളാക്കിയത്.
ആകെ വോട്ടർമാർ മാർച്ച് ആറിലെ കണക്ക് പ്രകാരം 17,68, 296 ആണ്. ഇതിൽ പുരുഷവോട്ടർമാർ 843748 ഉം സ്ത്രീവോട്ടർമാർ 924544 ഉം ആണ്. നാല് ട്രാൻസ് ജെൻഡേഴ്‌സും ഉണ്ട്. സുഗമവും സമാധാന പരവുമായ വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായതായി ജില്ല കളക്ടര് എ.അലക്സാണ്ടര് അറിയിച്ചു.
നിയമസഭ വോട്ടെടുപ്പിൻ്റെ പോളിങ് സാമഗ്രികളുടെ വിതരണം നാളെ(ഏപ്രിൽ 5) രാവിലെ എട്ടിന് അതത് നിയോജക മണ്ഡലങ്ങളിലെ സ്വീകരണ – വിതരണ കേന്ദ്രങ്ങളിൽ ആരംഭിക്കും.
രാവിലെ 7.30 ന് രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എത്തുന്നതിന് വരണാധികാരികൾ അറിയിപ്പ് നൽകിയിട്ടുണ്ട്. പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ കൃത്യ സമയത്ത് തന്നെ അതത് വിതരണ കേന്ദ്രങ്ങളിലെത്തണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു.
വിവിധ മണ്ഡലങ്ങളിലെ സ്വീകരണ വിതരണ കേന്ദ്രങ്ങളില് നിന്ന് പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് തന്നെ ആരംഭിച്ചു. അതത് മണ്ഡലത്തിലെ വരണാധികാരികളുടെ നിയന്ത്രണത്തിലായിരുന്നു പോളിങ് സാമഗ്രികളുടെ വിതരണം. കോവിഡ് പശ്ചാത്തലത്തില് തിരക്ക് ഒഴിവാക്കുന്നതിന് കൂടുതല് കൗണ്ടറുകളും പന്തലുകളം വിതരണത്തിനായി തയ്യാറാക്കിയിരുന്നു. പ്രിസൈഡിങ് ഓഫീസര്മാര് ഉള്പ്പടെയുള്ള പോളിങ് ഉദ്യോഗസ്ഥര് വിതരണകേന്ദ്രത്തില് നിന്നും പോളിങ് സാമഗ്രികള് കൈപ്പറ്റി അതത് പോളിങ് സ്റ്റേഷനുകളിലെത്തിച്ച് വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള് തിങ്കളാഴ്ച വൈകിട്ട് തന്നെ പൂര്ത്തിയാക്കി. എൻ.എസ്.എസ് കോളജ് പള്ളിപ്പുറം, സെന്റ് മൈക്കിൾസ് കോളജ് ചേർത്തല,
എസ്.ഡി.വി.സ്‌കൂൾ ആലപ്പുഴ, സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ്. ആലപ്പുഴ, സെന്റ് മേരീസ് എച്ച്.എസ്.എസ്. ചമ്പക്കുളം, ഗവ.ബോയ്‌സ് എച്ച്.എസ്.എസ്.ഹരിപ്പാട്, ടി.കെ.എം. എം കോളജ് നങ്ങ്യാർകുളങ്ങര, ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്.മാവേലിക്കര, ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂർ എന്നിവിടങ്ങളില് നിന്നുമാണ് ഉദ്യോഗസ്ഥര് പോളിങ് സാമഗ്രികള് കൈപ്പറ്റിയത്.