എറണാകുളം: പഴുതടച്ച ക്രമീകരണങ്ങളുമായി തിരഞ്ഞെടുപ്പിനൊരുങ്ങി ജില്ല. 14 നിയോജക മണ്ഡലങ്ങളിലായുള്ള 3899 പോളിംഗ് സ്റ്റേഷനുകളും തിങ്കളാഴ്ച വൈകീട്ടോടെ സജ്ജമായി. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ, വോട്ടര്‍പട്ടിക, കോവിഡ് പ്രതിരോധ സാമഗ്രികൾ എന്നിവയുമായി ബൂത്തുകളില്‍ എത്തി. എല്ലാ ബൂത്തുകളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണവും ഒരുക്കിയിട്ടുണ്ട്.

വോട്ടിംഗ് നടപടികളുടെ ഭാഗമായുള്ള മോക്ക് പോൾ രാവിലെ 5.30 ന് ആരംഭിക്കും. പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിൽ പോളിംഗ് എജന്റുമാരുടെ സന്നിധ്യത്തിലാണ് മോക്ക് പോൾ. എല്ലാ സ്ഥാനാർത്ഥികൾക്കും നോട്ടയ്ക്കും ഉൾപ്പെടെ ചുരുങ്ങിയത് ഒരു വോട്ടെങ്കിലും മോക്ക് പോളിൽ രേഖപ്പെടുത്തും. 50 വോട്ടുകൾ ചെയ്ത് വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കി യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കും. യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ, വിവിപാറ്റ് സ്ലിപ്പുകൾ എന്നിവ നീക്കം ചെയ്ത് യന്ത്രങ്ങൾ സീൽ ചെയ്ത് വോട്ടെടുപ്പിന് സജ്ജമാക്കും.

കോവിഡ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഇക്കുറി പോളിംഗ് ബൂത്തുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉള്ളത്. ആയിരത്തിലധികം വോട്ടര്‍മാരുള്ള എല്ലാ ബൂത്തുകളും രണ്ടായി വിഭജിച്ചു. ശരീര ഊഴ്മാവ് പരിശോധിച്ച് സാനിറ്റൈസര്‍ നല്‍കിയാണ് വോട്ടര്‍മാരെ ബൂത്തുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖകളിലേതെങ്കിലും ഒന്നുമായി വേണം വോട്ട് ചെയ്യാന്‍ എത്തേണ്ടത്.

പ്രശ്നബാധിത ബൂത്തുകള്‍ ഉള്‍പ്പെടെ ജില്ലയിലെ പകുതിയിലധികം പോളിംഗ് ബൂത്തുകളിലും ലൈവ് വെബ് കാസ്റ്റിംഗ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. 14 സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനുകളും സജ്ജമായിട്ടുണ്ട്. ഈ പോളിംഗ് സ്റ്റേഷനുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കും.

വള്‍നറബിള്‍ വിഭാഗത്തിലുള്ള പ്രശ്നബാധിത ബൂത്തുകള്‍ ഏറ്റവുമധികം ഉള്ള നിയോജക മണ്ഡലം കുന്നത്തുനാടാണ്, ഈ ബൂത്തുകളില്‍ കേന്ദ്ര സേനയുടെ സാന്നിധ്യം ഉണ്ടാകും. മുന്‍കാല തിരഞ്ഞെടുപ്പില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുള്ള ക്രിട്ടിക്കല്‍ വിഭാഗത്തിലുള്ള ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. എല്ലാ പ്രശ്നബാധിത ബൂത്തുകളിലും മൈക്രോ ഒബ്സർവർമാരുടെ നിരീക്ഷണം ഉണ്ടാകും. എറണാകുളം. തൃക്കാക്കര മണ്ഡലങ്ങളിലായാണ് ഇത്തരം ബൂത്തുകള്‍. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് മണിവരെയാണ് വോട്ടെടുപ്പ് സമയം.