തൃശ്ശൂർ: ജില്ലയില് തിരഞ്ഞെടുപ്പ് നടപടികള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും സുഗമമായി തിരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്. തിരഞ്ഞെടുപ്പിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് രാവിലെ (06.04.2021) 7 മണി മുതല്‍ വൈകിട്ട് 7 മണിവരെ നടക്കും. വൈകിട്ട് ആറുമുതല്‍ ഏഴുവരെ കോവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. ബൂത്തുകളില്‍ കോവിഡ് പ്രതിരോധനത്തിനായി സാനിറ്റൈസര്‍ സൗകര്യം, തെര്‍മല്‍ സ്‌കാനിങ് തുടങ്ങിയ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 3858 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ ക്രമീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി 26,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4562 ബാലറ്റ് യൂണിറ്റ്, 4562 കണ്‍ട്രോള്‍ യൂണിറ്റ്, 5212 വിവി പാറ്റ് എന്നിങ്ങനെ 14,336 എണ്ണമാണ് ഉപയോഗിക്കുന്നത്. കുടിവെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഉറപ്പു വരുത്തിയിട്ടുണ്ട്. 253 പ്രശ്‌നബാധിത ബൂത്തുകളും 28 അതിസുരക്ഷാ ബൂത്തുകളും 29 സംഘര്‍ഷ സാധ്യത ബൂത്തുകളുമാണ് ജില്ലയിലുള്ളത്. ഇവിടങ്ങളില്‍ അധിക സുരക്ഷ ഒരുക്കും. സ്‌ട്രോങ് റൂമുകളുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയടക്കം ജില്ലയില്‍ എത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.