കോഴിക്കോട്:ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പിക്കടയില്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന്   മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തിര പ്രധിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ആലോചനാ  യോഗം ചേര്‍ന്നു. ചങ്ങരോത്ത്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സിനു കീഴിലുള്ള അയല്‍ക്കൂട്ട ആരോഗ്യ വളണ്ടിയര്‍മാര്‍, അയല്‍ക്കൂട്ട ഭാരവാഹികള്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ചങ്ങരോത്ത് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ, തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യ അഥിതികളായി.

പനി മരണത്തെ തുടര്‍ന്ന് ഭീതി പടര്‍ന്നിരിക്കുന്ന പ്രദേശങ്ങളില്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി ബോധവത്കരണ പരിപാടികള്‍ നടത്തും. ആരോഗ്യവകുപ്പ്, പഞ്ചായത്തധികൃതര്‍ എന്നിവരുമായി സഹകരിച്ച് ലഘുലേഖ വിതരണം, വിവിധ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വീടുകള്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ബോധവത്കരണ യോഗങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ചങ്ങരോത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെകെ ആയിഷ,വൈസ് പ്രസിഡണ്ട് എന്‍.വി വിജയന്‍,കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.സി കവിത, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ പി.എം ഗിരീശന്‍, ക്ഷേമ കെ തോമസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.കെ രമ, ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ഉണ്ണി വേങ്ങേരി എന്നിവര്‍ സംസാരിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡോക്ടര്‍ അജയ് വിഷ്ണു പ്രതിരോധ നടപടികളെ കുറിച്ച് ക്ലാസെടുത്തു.