കോഴിക്കോട്:  കോഴിക്കോട് ജില്ലയില്‍ കണ്ടെത്തിയ അപൂര്‍വ്വ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിപാ വൈറസ് വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കുകയും ബോധവത്ക്കരണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏത് സാഹചര്യം നേരിടുന്നതിനും ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും എത്ര പണം ചെലവഴിക്കുന്നതിനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വെളിപ്പെടുത്തി. ജില്ലയിലെ അപൂര്‍വ്വ പനി മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണനും ചര്‍ച്ചകളില്‍ പങ്കെടുത്തു.

പ്രത്യേക വൈറസ് ബാധ സംശയിച്ച ആദ്യദിനം മുതല്‍ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. ഉടന്‍ സാമ്പിള്‍ മണിപ്പാള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് അപൂര്‍വ്വ വൈറസ് ബാധ കണ്ടെത്തിയിരുന്നു. എന്നാല്‍ നിപാ വൈറസ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് കേന്ദ്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് കൂടി ലഭിക്കേണ്ടതുണ്ടായിരുന്നു. ഞായറാഴ്ചയാണ് ഇത് ലഭിച്ചത്. രണ്ടാമത്തെ മരണം സംഭവിച്ച ഉടനെ തന്നെ കേന്ദ്രത്തെ വിവരം അറിയിക്കുകയും കേന്ദ്ര സംഘത്തെ അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായും എം.പിമാരുമായും ബന്ധപ്പെട്ടു. ഇതിന്റെയടിസ്ഥാനത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ കേന്ദ്രസംഘം ഇന്നലെ ഉച്ചയോടെ എത്തിയിട്ടുണ്ട്. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ഡോ.ജി. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തുടക്കം മുതല്‍ ഇവിടെയെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.

ചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെ ലിസ്റ്റ് ചെയ്ത് നിരീക്ഷിച്ചു വരുന്നു. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്‍ കോളെജില്‍ ഒരുക്കിയിട്ടുണ്ട്.  സ്ഥിതിഗതികള്‍ നേരിടുന്നതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമായി പ്രത്യേക ടാസ്‌ക്ക് ഫോഴ്‌സ് രൂപവത്ക്കരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചും ജില്ലാ മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ചും രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ കോള്‍സെന്ററുമായും സഹായങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബന്ധപ്പെടാം. 1056 നമ്പറില്‍ വിളിച്ചാല്‍ ദിശയില്‍ നിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് കണക്ട് ചെയ്ത് നല്‍കും.

വവ്വാലുകളും മറ്റും കടിച്ച പഴങ്ങളുടെ ബാക്കി ഒഴിവാക്കണം. കൈകള്‍ വൃത്തിയായി സോപ്പിട്ട് കഴുകുക. പഴവര്‍ഗങ്ങള്‍ നന്നായി കഴുകിയ ശേഷമേ ഭക്ഷിക്കാവൂ. ഇതുമായി ബന്ധപ്പെട്ട ബോധവത്ക്കരണം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് തലങ്ങളില്‍ നടന്നു വരുന്നുണ്ട്. ചികിത്സാ രീതിയും മുന്‍കരുതലുകളെ കുറിച്ചും പ്രതിപാദിക്കുന്ന ലഘുലേഖ തയ്യാറാക്കി അച്ചടിച്ചു വിതരണം ചെയ്യും. ഇത്തരം രോഗങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് കോഴിക്കോട് ഉള്‍പ്പെടെ വൈറോളജി ലാബുകള്‍ യാഥാര്‍ഥ്യമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.