കൊല്ലം: ജില്ലയില്‍ 30970 വിദ്യാര്‍ഥികള്‍ ഏപ്രില്‍ 8ന്‌ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. 15,311 ആണ്‍കുട്ടികളും 15,659 പെണ്‍കുട്ടികളും. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പരീക്ഷ നടത്തുക. കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നീ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 232 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
വിമല ഹൃദയ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്(804) ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് പേരയം എന്‍.എസ്.എസ്.എച്ച്.എസിലുമാണ്(3).

പരീക്ഷാകേന്ദ്രങ്ങളില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. കോവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ പ്രത്യേകം ക്ലാസ് മുറികള്‍ ഓരോ സെന്ററുകളിലും ഒരുക്കിയിട്ടുണ്ട്.

കോവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലേക്ക് കടക്കുന്നതിനു തൊട്ടുമുന്‍പായി ചോദ്യപേപ്പറും ഉത്തരം എഴുതുന്നതിനുള്ള പേപ്പറും ഹാളില്‍ ക്രമീകരിച്ചിരിക്കും. പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസ് വിദ്യാര്‍ഥികള്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കവറുകളില്‍ വയ്ക്കണം.പൊതു തിരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകളായിരുന്ന സ്‌കൂളുകള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തിലും മറ്റ് സ്‌കൂളുകള്‍ അധ്യാപക-അനധ്യാപകരുടെയും സ്റ്റാഫുകളുടെയും നേതൃത്വത്തില്‍ അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ അറിയിച്ചു.