ശബരിമല അയ്യപ്പന്റെ പൂങ്കാവനം മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ശുചീകരണത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കാളിയായി. ഇളയമകന്‍ കബീര്‍ ആരിഫിന് ഒപ്പം ശബരിമല ദര്‍ശനം നടത്തിയ ഗവര്‍ണര്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സന്നിധാനവും പരിസര പ്രദേശങ്ങളും ശുചിയാക്കുന്നതില്‍ തിങ്കളാഴ്ച പങ്കാളിയായി. പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാര്‍, അയ്യപ്പസേവാസംഘം വോളണ്ടിയര്‍മാര്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

പുണ്യം പൂങ്കാവനത്തിന്റെ ശബരിമലയിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷം ഗവര്‍ണര്‍ തന്റെ അഭിപ്രായവും ഓഫീസ് രജിസ്റ്ററില്‍ രേഖപ്പെടുത്തി. പുണ്യം പൂങ്കാവനം പദ്ധതി സംബന്ധിച്ച ബ്രോഷര്‍ പുണ്യം പൂങ്കാവനം കോ -ഓഡിനേറ്റര്‍ സബ് ഇന്‍സ്പെക്ടര്‍ സജി മുരളി ഗവര്‍ണര്‍ക്ക് കൈമാറി. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ ഗവര്‍ണര്‍ ശബരിമല മാളികപ്പുറത്തെ മണി മണ്ഡപത്തിന് തൊട്ടടുത്തായി ചന്ദന തൈ നട്ടു നനച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു ഗവര്‍ണര്‍ക്ക് നടുന്നതിനായി ചന്ദനമരം നല്‍കി.

9.50 ന് ഗവര്‍ണറും സംഘവും മലയിറങ്ങി. ശബരിമല ദര്‍ശനത്തിനായി മികച്ച സൗകര്യം തനിക്ക് ക്രമീകരിച്ചു നല്‍കിയതിനും സ്നേഹ നിര്‍ഭരമായ വരവേല്‍പ്പിനും ദേവസ്വം ബോര്‍ഡിനോടും ദേവസ്വം ജീവനക്കാരോടുമുള്ള നന്ദി അറിയിക്കാനും ഗവര്‍ണര്‍ മറന്നില്ല. ഇനിയും ശബരിമല ദര്‍ശനത്തിനായി എത്തുമെന്നുള്ള ആഗ്രഹവും പങ്കുവെച്ചാണ് ഗവര്‍ണര്‍ ശബരിമല സന്നിധാനത്തു നിന്ന് മടങ്ങിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗം

അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞു. സ്വാമി അയ്യപ്പന്‍ റോഡ് വഴിയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മലയിറക്കം. ഞായറാഴ്ച വൈകിട്ടാണ് ഇരുമുടി കെട്ടുമേന്തി ശരണം വിളിയുമായി അയ്യപ്പദര്‍ശനപുണ്യം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ എത്തിയത്. പതിനെട്ടാം പടി കയറി അയ്യപ്പദര്‍ശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയെയും തൊഴുത് ഹരിവരാസനവും കണ്ടാണ് ഗവര്‍ണര്‍ തിരുമുറ്റത്തു നിന്ന് വാവര് സ്വാമിയെ വണങ്ങാനായി പോയത്. തുടര്‍ന്നു ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചു.