കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്നതുമൂലമുണ്ടാകുന്ന ഒഴിവുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 30ന് നടക്കും. ഇതു സംബന്ധിച്ച് അറിയിപ്പ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും നിയമസഭാ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകി. തിരഞ്ഞെടുപ്പ് വിജ്ഞാപനം 13ന് പുറത്തിറങ്ങും. നാമനിർദേശങ്ങൾ 20 വരെ സമർപ്പിക്കാം. 21ന് സൂക്ഷ്മപരിശോധന നടക്കും. 23 വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ട്.

ഏപ്രിൽ 30ന് രാവിലെ ഒൻപതുമുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്. അന്ന് വൈകിട്ട് അഞ്ചുമണിക്ക് വോട്ടെണ്ണും. തിരഞ്ഞെടുപ്പ് പ്രക്രിയകൾ മേയ് മൂന്നിനകം പൂർത്തീകരിക്കണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടപടികൾ നടക്കുക. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് തിരഞ്ഞെടുപ്പ് നിരീക്ഷകൻ.
അബ്ദുൽ വഹാബ്, കെ.കെ. രാഗേഷ്, വയലാർ രവി എന്നീ രാജ്യസഭാ അംഗങ്ങളുടെ കാലാവധിയാണ് ഏപ്രിൽ 21ന് പൂർത്തിയാകുന്നത്.