പത്തനംതിട്ട: ജില്ലയില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് എത്രയും വേഗം അവ എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ക്കിടയില്‍ കോവിഡ് ബോധവത്കരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 14 തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായി അടൂര്‍ റവന്യൂ ടവറില്‍ സംഘടിപ്പിച്ച യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി ക്യാമ്പുകള്‍ ആരംഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. നിലവില്‍ ചിലയിടങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് പരിശോധനാ കാമ്പയില്‍ പ്രയോജനപ്പെടുത്തണം. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് ചെയ്യണം. ഇവര്‍ ക്വാറന്റൈനിലാണെന്ന് വാര്‍ഡ്തല കമ്മറ്റികള്‍ ഉറപ്പു വരുത്തണം. വാക്സിനേഷന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമല്ല മറ്റു സെന്ററുകളിലും നടത്താം. ഇങ്ങനെ നടത്തിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ വാക്സിന്‍ നല്‍കുവാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഒന്നില്‍ കൂടുതല്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ വാക്സിനേഷന്‍ വ്യാപകമാക്കാന്‍ സാധിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരും. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സെക്ടറല്‍ ഓഫീസര്‍മാരുടെ സഹായം ഉറപ്പുവരുത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെക്ടറല്‍ ഓഫീസര്‍മാരുടെ നിരീക്ഷണം ശക്തമാക്കുമെന്നും ആള്‍ക്കൂട്ടം നിയന്ത്രിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഇപ്പോഴുള്ള കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 40 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് രോഗം കണ്ടുവരുന്നതെന്ന് ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ പറഞ്ഞു.

ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ മരണനിരക്ക് ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ എല്ലാവരും ടെസ്റ്റിന് വിധേയരാകണമെന്ന് ഡിഎംഒ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടിയ പഞ്ചായത്തുകളില്‍ വാക്‌സിനേഷന്‍ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരിശോധനയും നടത്തുക എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യാനാകുന്നതെന്ന് ഡിഎംഒ പറഞ്ഞു.

ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ആര്‍.ഐ. ജ്യോതിലക്ഷ്മി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, അടൂര്‍ തഹസീല്‍ദാര്‍ സന്തോഷ് കുമാര്‍, അടൂര്‍ എല്‍.ആര്‍ തഹസീല്‍ദാര്‍ ഷാജഹാന്‍ റാവുത്തര്‍, 14 പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.