എറണാകുളം: ജില്ലയിലെ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന പ്രത്യേക പരിശോധനാ ക്യമ്പയിന്‍റെ ആദ്യദിനം മികച്ച പ്രതികരണം. 15000 ത്തിൽ അധികം പരിശോധനകളാണ് ആദ്യ ദിനം ജില്ലയിൽ നടത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ 31000 കോവിഡ് പരിശോധനകള്‍ ലക്ഷമിട്ടുള്ള പ്രത്യേക ക്യാമ്പയിന്‍റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു.

എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ വിവിധ സ്വകാര്യ ആശുപത്രികളും സഞ്ചരിക്കുന്ന പരിശോധനാ സംവിധാനങ്ങളും പ്രത്യേക പരിശോധനാ ക്യാമ്പയിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. ജില്ലയില്‍ ഏഴ് സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റുകൾ പ്രവര്‍ത്തിച്ചു. താഴെത്തട്ടില്‍ ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരുടെയും മറ്റും പരിശോധന നടന്നു. വാക്സിന്‍ സ്വീകരിക്കാത്ത 45 വയസ്സിന് മുകളില്‍ പ്രായമുള്ള ലക്ഷണമില്ലാത്തവരെയും പരിശോധിക്കുന്നുണ്ട്.

കണ്ടയ്ന്മെന്റ് സോണുകള്‍ ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയരാക്കും. പരിശോധന നടത്തുന്ന സംഘങ്ങള്‍ ആന്റിജൻ പരിശോധനാ ഫലം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്പപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
ക്യാമ്പയിന് മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ചേര്‍ന്നിരുന്നു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ക്വാഡ് വര്‍ക്കിന് ഇറങ്ങിയവര്‍, പോളിംഗ് ഏജന്‍റുമാര്‍, സ്ലിപ്പ് വിതരണത്തിനിറങ്ങിയവര്‍ എന്നിങ്ങനെ കൂടുതല്‍ ആളുകളുമായി സംമ്പര്‍ക്കത്തില്‍ വന്നവരെ പ്രത്യേകം കണ്ടെത്തിയാണ് പരിശോധന നടത്തുന്നത്. പരിശോധനാ ക്യാമ്പയിന്‍റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ലാബുകളിലടക്കം കോവിഡ് പരിശോധന സൗജന്യമായിരിക്കും. കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിൽ നിന്നും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.