കൊല്ലം: വോട്ടെണ്ണല്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ക്കായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി.

സബ് കലക്ടര്‍ ശിഖാ സുരേന്ദ്രനും പങ്കെടുത്ത പരിപാടിയില്‍ വോട്ടിങ് മെഷീനുകള്‍ സീല്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കുന്നതിന്റെ നടപടി, പോസ്റ്റല്‍ വോട്ടുകള്‍, ഇ.വി.എം വോട്ടുകള്‍ എന്നിവ കണക്കാക്കേണ്ട വിധം, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റുകള്‍, ആപ്പുകള്‍ എന്നിവയില്‍ തിരഞ്ഞെടുപ്പ് ഫലം അപ്‌ലോഡ് ചെയ്യേണ്ട വിധം, വോട്ടെണ്ണല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി.കെ. സതീഷ് കുമാര്‍, പരിശീലകന്‍ ജി. ഗിരീഷ്‌കുമാര്‍ എന്നിവര്‍ വിശദീകരിച്ചു.

ആപ്പുകള്‍ വെബ്‌സൈറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നത് സംബന്ധിച്ച വിശദമായ ക്ലാസുകള്‍ വരുംദിവസങ്ങളില്‍ നടക്കും. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലായി മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.