എറണാകുളം:കോവിഡ് വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. എറണാകുളം ഉൾപ്പടെയുള്ള അഞ്ച് റീജിയണുകളിലേക്കായി എത്തിയ 1.75 ലക്ഷം ഡോസ് വാക്സിനിൽ ജില്ലയ്ക്ക് ലഭിച്ചത് 30,000 ഡോസ് വാക്സിനാണ്. ഇതുപയോഗിച്ച് ഏപ്രിൽ 20 ചൊവ്വാഴ്ച മുതൽ വാക്സിനേഷൻ പുനരാരംഭിക്കുമെന്ന് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. ശിവദാസ് പറഞ്ഞു. മെഗാ വാക്സിനേഷൻ ക്യാമ്പുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ വാക്സിൻ വിതരണത്തിനാണ് മുൻഗണന.
ആകെ എത്തിയ വാക്സിനുകളിൽ 60000 ഡോസാണ് ജില്ല ആവശ്യപ്പെട്ടിരുന്നത്. ആവശ്യാനുസരണം കൂടുതൽ ഡോസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷൻ വിപുലമാക്കും.

ജില്ലയിലെത്തിയ വാക്സിനുകൾ ജനറൽ ആശുപത്രിയിലെ റീജിയണൽ വാക്സിൻ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് അതാത് വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. 45 വയസിനു മേൽ പ്രായമുള്ളവർക്ക് തിരിച്ചറിയൽ രേഖയുമായി വാക്സിൻ വിതരണ കേന്ദ്രത്തിലെത്തി വാക്സിൻ എടുക്കാം.