പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള ഇ-പാസ് പരിശോധന വാളയാര്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഇ-പാസ് ഉള്ളവര്‍ക്ക് മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുമതി. ഈ പാസ് ഇല്ലാതെ വരുന്നവര്‍ അതിര്‍ത്തിയില്‍ വച്ച് തന്നെ രജിസ്‌ട്രേഷന്‍ നടത്തി ഇ-പാസ്സ് ലഭ്യമാക്കണം. ഇ -പാസിനു പുറമേ 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ചെയ്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പരിശോധിക്കുന്നുണ്ട്.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ കേരളത്തിലെത്തിയാല്‍ അവരുടെ വീടുകളില്‍ തിരിച്ചെത്തി ഉടന്‍ കോവിഡ് ടെസ്റ്റ് ചെയ്യണം. ചെയ്യാന്‍ കഴിയാത്തവര്‍ 14 ദിവസം ക്വാറന്റൈനില്‍ ഇരിക്കണം. കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ ആകൂ. വരും ദിവസങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കുമെന്നും വാളയാര്‍ പോലീസ് അറിയിച്ചു.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ എങ്ങനെ?

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റില്‍ Citizen ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന Visitor’s entry ഓപ്ഷനില്‍ നിന്നും Domestic entry തെരഞ്ഞെടുക്കണം. ശേഷം വരുന്ന പേജില്‍ New registration in covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി വേരിഫൈ ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യണം. സ്‌ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റര്‍ ചെയ്ത് കഴിയുമ്പോള്‍ അല്‍പസമയത്തിനകം നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പര്‍ വരും. ഒ.ടി.പി എന്റര്‍ ചെയ്ത ശേഷം വേരിഫൈ ചെയ്യുക.

വേരിഫിക്കേഷനു ശേഷം നിങ്ങളുടെ പേര്, ജനന തിയ്യതി, ഐ.ഡി നമ്പര്‍ ഉള്‍പ്പടെ ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ശേഷം നല്‍കിയ വിവരങ്ങള്‍ സേവ് ചെയ്യുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവും. രജിസ്‌ട്രേഷന്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് രജിസട്രേഷന്‍ വിവരങ്ങള്‍ ടെക്സ്റ്റ് മെസേജായി വരുന്നതാണ്. മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസ്സിന്റെ പി.ഡി.എഫ് ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. യാത്രക്കാര്‍ക്ക് കേരളത്തിലേക്ക് വരുമ്പോള്‍ ചെക്‌പോസ്റ്റില്‍ ഈ യാത്രാ പാസ്സ് കാണിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.