യാത്രക്കാര്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

വയനാട്: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഉത്തരവായി. ജില്ലയിലേക്ക് പ്രവേശിക്കുന്ന അന്തര്‍ സംസ്ഥാന യാത്രക്കാര്‍ (ചരക്കുവാഹനങ്ങള്‍, ടാക്സികള്‍, അന്തര്‍ സംസ്ഥാന ബസ്സുകളിലെ ജീവനക്കാര്‍ ഒഴികെ) കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കുകയോ അല്ലായെങ്കില്‍ അതിര്‍ത്തിയിലെ ടെസ്റ്റിംഗ് സെന്ററില്‍ ടെസ്റ്റിന് വിധേയരാക്കുകയോ വേണം. അല്ലാത്തപക്ഷം 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറീനില്‍ പ്രവേശിക്കണം.

അതിര്‍ത്തിയില്‍ ടെസ്റ്റിന് വിധേയരാകുന്നവര്‍ റിസള്‍ട്ട് വരുന്നതുവരെയും നിര്‍ബന്ധമായും ഹോം ക്വാറീനില്‍ പ്രവേശിക്കേണ്ടതും റിസള്‍ട്ട് പോസിറ്റീവ് ആകുന്നപക്ഷം 14 ദിവസം വരെയുള്ള ഹോം ക്വാറീനില്‍ തുടരേണ്ടതുമാണ്. ഇക്കാലയളവില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുമാണ്. നെഗറ്റീവ് ആകുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മാത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുറത്തിറങ്ങാം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കേണ്ടതും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

ചരക്കുവാഹനങ്ങള്‍, ടാക്സികള്‍, അന്തര്‍ സംസ്ഥാന ബസ്സുകളിലെ ജീവനക്കാര്‍, 14 ദിവസത്തിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമായും അതിര്‍ത്തിയിലെ പരിശോധനക്ക് ഹാജരാക്കണം.

*ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കും*

അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് സേവനം ഉറപ്പാക്കാന്‍ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി (കുട്ട) ചെക്പോസ്റ്റുകളോട് ചേര്‍ന്ന് ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തുന്നതിനാവശ്യമായ ടെസ്റ്റിംഗ് കിയോസ്‌കുകള്‍ സ്ഥാപിക്കും. സേവനങ്ങള്‍ നല്‍കുന്നതിനായി ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്ക് പുറമെ മറ്റ് വകുപ്പുകളിലെ ജീവനക്കാരെയും ഫെസിലിറ്റേഷന്‍ സെന്ററു കളില്‍ നിയമിക്കും.

ഒരേ സമയം 5 പേര്‍ ഇത്തരത്തില്‍ ഓരോ കേന്ദ്രങ്ങളും ഉണ്ടാകും. മറ്റ് അതിര്‍ത്തി ചെക്പോസ്റ്റുകളിലേക്ക് ഒരേ സമയം 3 പേരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലേക്ക് മൂന്ന് പേരെ വീതവും നിയോഗിക്കും. അതിര്‍ത്തി പരിശോധന കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിനായി സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. ഓരോ കേന്ദ്രത്തിന്റേയും ചുമതല ഡെപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും.