21 സ്വകാര്യ ആശുപത്രികൾ എംപാനൽ ചെയ്തു

എറണാകുളം: കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികളും പങ്കാളികളാകുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്)ക്കു കീഴിൽ 21 സ്വകാര്യ ആശുപത്രികളാണ് കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഇതുവരെ എം പാനൽ ചെയ്തിട്ടുള്ളത്. ഈ ആശുപത്രികളിൽ കോവിഡ് ചികിത്സ തേടുന്നതിന് രണ്ടു വിധത്തിലുള്ള ക്രമീകരണമാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്.

കാസ്പ് ഗുണഭോക്താക്കളായ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ളവർക്ക് ഈ ആശുപത്രികളിൽ നേരിട്ടെത്തി കോവിഡ് ചികിത്സ തേടാം. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം അവിടെ നിന്നു റഫർ ചെയ്യുന്ന രോഗികൾക്കും ഈ സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാകും. ചികിത്സ പൂർണ്ണമായും സൗജന്യമായിരിക്കും. ഭക്ഷണത്തിനും വ്യക്തിഗത ആവശ്യങ്ങൾക്കുമുള്ള ചെലവ് രോഗി സ്വന്തം നിലയിൽ വഹിക്കേണ്ടി വരും.

സൗജന്യ നിരക്കിൽ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് 15 ദിവസത്തിനകം ക്ലെയിം തുക സർക്കാർ നൽകും. ജനറൽ വാർഡിന് 2300 രൂപ, എച്ച് ഡി യു 3300 രൂപ, വെൻറിലേറ്റർ ഇല്ലാതെയുള്ള ഐ.സി.യു 6500 രൂപ, വെൻറിലേറ്ററോട് കൂടിയ ഐ.സി.യു 11500 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികൾക്കായി സർക്കാർ നിശ്ചയിച്ച പ്രതിദിന നിരക്ക്. പി പി ഇ കിറ്റുകൾക്കും ഐസൊലേഷനുമായി ഒരു രോഗിക്ക് പരമാവധി ഒരു ലക്ഷം രൂപയാണ് നൽകുക.

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് കാസ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കാസ്പ് പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളുടെ പട്ടിക sha.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ സ്വകാര്യ ആശുപത്രികൾ കോവിഡ് പ്രതിരോധ രംഗത്തേക്ക് എത്തുന്നുണ്ട്. എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ ചികിത്സയ്ക്കുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി വരികയാണ്.