കൊല്ലം: ജില്ലയില്‍ കോവിഡ് രോഗവ്യാപന നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 21നും ഏപ്രില്‍ 22 നും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഗാ ടെസ്റ്റ് ഡ്രൈവ് വീണ്ടും നടത്തും. 10 ന് മുകളില്‍ രോഗവ്യാപന നിരക്കുള്ള പഞ്ചായത്തുകളില്‍ പ്രതിദിനം 500 സാമ്പിളുകളും അഞ്ചിനും പത്തിനും ഇടയിലുള്ളവയില്‍ 300 സാമ്പിളുകളും അഞ്ചില്‍ താഴെയുള്ള ഇടങ്ങളില്‍ 200 സാമ്പിളുകളും ശേഖരിക്കും. ചവറയിലെ ഇന്ത്യന്‍ റെയര്‍ ഏര്‍ത്ത്‌സിലേയും(ഐ.ആര്‍.ഇ) കെ.എം.എം.എല്ലിലേയും ജീവനക്കാര്‍ക്കും ടെസ്റ്റിംഗ് ക്യാമ്പ് നടത്തും.

കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ഒരാള്‍ വീതം പരിശോധനയ്ക്ക് വിധേയരാകണം. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരേയും, ഇന്‍ഫ്‌ലുവന്‍സ, ഗുരുതര ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉള്ളവരെയും പരിശോധിക്കും. താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിച്ച രോഗികളെയും കൂട്ടിരിപ്പുകാരെയും പരിശോധനയ്ക്ക് വിധേയരാക്കും. അഞ്ച് ശതമാനം ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും പ്രതിദിനം പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത അറിയിച്ചു.