പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി 22 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ കൂടി നിയമിച്ചു. നേരത്തെ നിയമിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ ഒഴിവുള്ള തദ്ദേശസ്ഥാപന പരിധികളിലേക്കാണ് പുതിയ ഓഫീസര്‍മാരുടെ നിയമനം.
കടമ്പഴിപ്പുറം, തേങ്കുറിശ്ശി, എലപ്പുള്ളി, നെല്ലിയാമ്പതി, കണ്ണമ്പ്ര, മുതലമട, അയിലൂര്‍, മുണ്ടൂര്‍, അമ്പലപ്പാറ, മുതുതല, പെരിങ്ങോട്ടുകുറിശ്ശി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ-വടകരപ്പതി, ഷോളയൂര്‍, ലക്കിടി പേരൂര്‍, അഗളി, പട്ടിത്തറ, വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലേക്കും പട്ടാമ്പി, മണ്ണാര്‍ക്കാട് നഗരസഭകളിലേക്കുമാണ് പുതിയ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിരിക്കുന്നത്.
ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് എന്നിവയുടെ ലംഘനം, കൂട്ടംകൂടി നില്‍ക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് കേസെടുക്കാം. കടകള്‍, മാളുകള്‍, സിനിമ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും പരിശോധന നടത്തും. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് പരിശോധന നടത്താം.