കൊല്ലം:ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പിന്റെ കീഴിലുള്ള പത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍. പ്രളയം, കോവിഡിന്റെ ആദ്യഘട്ടം എന്നീ സമയത്തും സിവില്‍ ഡിഫന്‍സ് എന്ന പേരില്‍ ഇവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു.

കോവിഡ് പോസിറ്റീവായ വ്യക്തികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, ടെസ്റ്റ് റിസള്‍ട്ടുകളുടെ ഡേറ്റാ എന്‍ട്രി, വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തുന്ന വ്യക്തികളുടെ വിവരശേഖരണം എന്നിവയെല്ലാം ഇവരുടെ സേവന പരിധിയില്‍ ഉള്‍പ്പെടും. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ കണ്‍ട്രോള്‍ റൂം, ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി എന്നിവ കേന്ദ്രീകരിച്ച് കോവിഡിന്റെ രണ്ടാം വരവ് പ്രതിരോധിക്കുന്നതിലും സിവില്‍ ഡിഫെന്‍സ് അംഗങ്ങള്‍ സജീവമാണ്.

കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ സേവനം കൂടുതല്‍ സഹായകരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. ശ്രീലത പറഞ്ഞു.