കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കി.  സ്ഥിതിഗതികള്‍ ചീഫ്‌സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. സര്‍ക്കാര്‍ മുഖേന എത്തിച്ച മരുന്നുകള്‍ വിതരണം തുടങ്ങി. വൈറസ് ബാധയേറ്റ മറ്റ് പ്രദേശങ്ങളിലും മരുന്ന്  വിതരണംചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ 25 ന് ഉച്ചയ്ക്ക് 2 മണിക്ക് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, എം.പി.മാര്‍,  എംഎല്‍എമാര്‍ എന്നിവരുടെ യോഗം കോഴിക്കോട് കലക്ടറേറ്റില്‍ ചേരും. മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, ടി.പി. രാമകൃഷ്ണന്‍, എ കെ. ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. അന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കലക്ടറേറ്റില്‍ ചേരും.
നിപ വൈറസുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്താനും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിലവില്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ കേന്ദ്ര സംഘവും മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍,  ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, സെക്രട്ടറി
എം. ശിവശങ്കര്‍, ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.