മലപ്പുറം: കോവിഡ് രണ്ടാം ഘട്ടം കൂടുതല്‍ രൂക്ഷവും അപകട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി മാറിയ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതയോടൊപ്പം വാക്‌സിനേഷനും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു. ജില്ലയിലെ പ്രതിദിന കോവിഡ് നിരക്ക് 2000 ത്തിന് മുകളിലെത്തിയിരിക്കുകയാണ്. മരണ നിരക്ക് കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ക്കൊപ്പം വാക്‌സിനേഷനും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കി വരുന്നത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഒരു ഡോസിന് 250 രൂപക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി www.cowin.gov.in എന്ന വെബ് പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ സെല്‍ഫ് രജിസ്‌ട്രേഷന്‍ ലിങ്ക് വഴി ആധാര്‍ നമ്പര്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കുത്തിവെപ്പ് കേന്ദ്രവും സമയവും തെരെഞ്ഞെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കുകയുള്ളൂ.