എറണാകുളം: ജില്ലയിൽ പ്രതിദിനം കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണ്ണമായും കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ ഇതിനുവേണ്ട നടപടികൾ പൂർത്തീകരിക്കും. ഐസിയു, ഓക്സിജൻ സൗകര്യം ആവിശ്യമുള്ള രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി.

നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മറ്റു വിഭാഗം രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും. നിലവിൽ മെഡിക്കൽകോളേജിൽ എഴുപതോളം കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ജില്ലയിൽ കോവിഡ് കേസുകളുടെ സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ എൻ ഗോ ബ്രഗഡെ എന്നിവരുടെ നിർദേശത്തെ തുടർന്നാണ് മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ചികിത്സാകേന്ദ്രമായി ഉയർത്തുന്നത്.

ജില്ലാ കളക്ടർ എസ് സുഹാസിന്റെ ചേർന്ന യോഗത്തിൽ സബ് കളക്ടർ ആരിഫ് റഷീദ്, എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ മാത്യു നമ്പോലിൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഗീത നായർ, ആർഎംഒ ഡോ ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.