വയോധികരായ ആദിവാസി ദമ്പതികള്‍ കോവിഡ് പ്രതിരോധ വാക്സിനെടുത്ത് ഏവര്‍ക്കും മാതൃകയായി. പൂമാല ഒരത്തേല്‍ കണ്ട ഇട്ട്യാതി (99), ഭാര്യ ഓമന ഇട്ട്യാതി (96) എന്നിവരാണ് കഴിഞ്ഞ ദിവസം വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്ത് പ്രവര്‍ത്തിക്കുന്ന ശാന്തിനികേതന ഹോസ്പിറ്റലിലെത്തി കോവിഷീല്‍ഡ് പ്രതിരോധ വാക്സിനെടുത്തത്.
വാക്സിനെടുത്ത ശേഷം സാധാരണ ഗതിയില്‍ വരുന്ന ശാരീരിക അസ്വസ്ഥതകളോ ക്ഷീണമോ ഒന്നും തന്നെ ഇരുവരെയും ബാധിച്ചില്ല. ചിട്ടയായ ജീവിത ക്രമമാണ് ഇരുവരും ഇപ്പോഴും പിന്തുടരുന്നത്. പ്രായാധിക്യത്തിന്റെ അവശതയല്ലാതെ മറ്റ് രോഗങ്ങളൊന്നും ഇരുവരെയും ബാധിച്ചിട്ടില്ല. മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് വീട്ടില്‍ തന്നെയാണ് ഇവര്‍ കഴിഞ്ഞത്.
എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഇവരെയും വാക്സിനെടുപ്പിക്കാന്‍ തീരുമാനിച്ചത്. ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും ചെറിയ ആശങ്ക പങ്കുവച്ചെങ്കിലും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും കണ്ടയുടേയും ഓമനയുടെയും ആത്മവിശ്വാസവും പരിഗണിച്ച് വാക്സിനെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ചിത്രം: പൂമാല ഒരത്തേല്‍ കണ്ട ഇട്ട്യാതി (99), ഭാര്യ ഓമന ഇട്ട്യാതി (96) എന്നിവര്‍ കോവിഡ് പ്രതിരോധ വാക്സിനെടുക്കുന്നു