എറണാകുളം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, കോര്‍പ്പറേഷന്‍ മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു. ജനപ്രതിനിധികളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. മന്ത്രി വി.എസ്. സുനില്‍ കുമാറും പ്രത്യേക ക്ഷണിതാവായി യോഗത്തില്‍ പങ്കെടുത്തു.

കോവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള സമഗ്രമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ എല്ലാവരും കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്ന് യോഗം വിലയിരുത്തി. പ്രാദേശിക തലത്തിലുള്ള നിരീക്ഷണവും ഇടപെടലുകളും ശക്തമാക്കും. എഫ്എല്‍ടിസികള്‍ ആരംഭിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പഞ്ചായത്തുകള്‍ക്കും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. എഫ്എല്‍ടിസികള്‍ ആരംഭിക്കാന്‍ അഞ്ചു ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ അധിക നിയന്ത്രണങ്ങള്‍ തുടരുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനമുണ്ടാകും. ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി കളക്ടര്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. നേരത്തേയുണ്ടായിരുന്ന എഫ്എല്‍ടിസികള്‍ പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. കൂടുതല്‍ ഹാളുകളും ഓഡിറ്റോറിയങ്ങളും ഏറ്റെടുക്കും. ഇവിടങ്ങളില്‍ ഓക്‌സിജന്‍ സപ്ലൈ ചെയ്യാന്‍ കഴിയുന്ന സൗകര്യം ഒരുക്കണമെന്നും യോഗം വിലയിരുത്തി. സ്വകാര്യ ആശുപത്രികളുടെ സേവനം ഉറപ്പാക്കുന്നതിനുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.