കൊല്ലം: രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ സംവിധാനം, ഐ. സി. യു-വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കി അടിയന്തര കോവിഡ് ചികിത്സയ്ക്ക് പൂര്‍ണസജ്ജമാക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ അറിയിച്ചു. സൗകര്യങ്ങള്‍ പരിശോധിക്കുന്നതിന് താലൂക്ക്തലത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്.
കോവിഡ് പ്രാഥമിക-ദ്വിതീയ ചികിത്സാ കേന്ദ്രങ്ങള്‍, വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്കുള്ള ഡോമിസിലറി സി. എഫ്. എല്‍. ടി. സി എന്നിവ വീണ്ടും തുടങ്ങുന്നതിന്റെ പുരോഗതിയും വിലയിരുത്തി. കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകളും കരുതല്‍ ശേഷിയും കൂട്ടുന്നതിനും തീരുമാനമായി.
ആശുപത്രികളില്‍ പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ വിതരണത്തിനുള്ള സാധ്യതയും പരിശോധിക്കും. പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 93 സെക്ടറല്‍ ഓഫീസര്‍മാരെ നിയമിച്ചു; ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വാഹനങ്ങള്‍ വിട്ടുനല്‍കുന്നതില്‍ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
വാക്‌സിന്‍ വിതരണത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനം കുടുതല്‍ മെച്ചപ്പെടുത്തും. ഏപ്രില്‍ 30 ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തില്‍ നടത്തുന്ന വോട്ടെണ്ണല്‍ റിഹേഴ്‌സല്‍ കുറ്റമറ്റരീതിയില്‍ സംഘടിപ്പിക്കുന്നത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്കും രൂപമായി.