വികസനക്കാഴ്ച്ചകളും തത്സമയ സേവനങ്ങളും പുത്തന്‍ അറിവുകളും സാംസ്‌കാരിക വിരുന്നും ഒത്തുചേര്‍ന്ന രാപ്പകലുകള്‍ കൊല്ലം നഗരത്തിന് സമ്മാനിച്ച നവകേരളം 2018 പ്രദര്‍ശന മേളയ്ക്ക് സമാപനം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച മേളയില്‍ സന്ദര്‍ശകരായെത്തിയത് പതിനായിരങ്ങളാണ്.
മെയ് 19ന് ആരംഭിച്ച പരിപാടിയില്‍ വിവിധ വകുപ്പുകളുടേതായി 125 സ്റ്റാളുകളാണുണ്ടായിരുന്നത്. രുചിവൈവിധ്യങ്ങളുടെ വിസ്മയലോകം തീര്‍ത്ത ഫുഡ്‌കോര്‍ട്ടും നവകേരളസൃഷ്ടിക്ക് മുതല്‍ക്കൂട്ടാകുന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയായ  സെമിനാറുകളും ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ച കലാവിരുന്നുമെല്ലാം മേളയെ അവിസ്മരണീയമാക്കി.
സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയ മേള തത്സമയ സേവനങ്ങളുടെ വേദികൂടിയായി. തൊഴില്‍ നൈപുണ്യ വകുപ്പിന്റെ സ്റ്റാളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെയും(ആവാസ്)നാട്ടുകാര്‍ക്കായുള്ള ആര്‍.എസ്.ബി.വൈ പദ്ധതിയുടെയും രജിസ്‌ട്രേഷനുവേണ്ടി ആദ്യ ദിനം മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഐ.ടി മിഷന്റെ സ്റ്റാളില്‍ പുതിയ ആധാര്‍ കാര്‍ഡിനുള്ള രജിസ്‌ട്രേഷനുകള്‍ സ്വീകരിക്കുന്നതുള്‍പ്പെയെുള്ള സേവനങ്ങള്‍ ലഭ്യമാക്കി. ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും അവസരമൊരുക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സഹായം ലഭിക്കുന്നതിനുള്ള അപേക്ഷകളും ഇവിടെ സ്വീകരിച്ചു. സര്‍ക്കാരിന്റെ നൂതന ആശയമായ എം കേരളം ആപ്പിന് നല്ല പ്രതികരണമാണ് ഇവിടെ ലഭിച്ചത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭിക്കുന്ന ഈ ആപ്പ് ഐ.ടി. മിഷന്‍ സ്റ്റാളിലെത്തി ഒട്ടേറെപ്പേര്‍ ഡൗണ്‍ലോഡ് ചെയ്തു.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ സ്റ്റാള്‍ മുഖേന വഖഫ് ബോര്‍ഡിന്റെ വിവാഹ ധനസഹായം, ചികിത്സ ധനസഹായം,  പ്രതിമാസ പെന്‍ഷന്‍ എന്നിവയുടെ അപേക്ഷാ ഫോറങ്ങള്‍ വിതരണംചെയ്തു. പൂരിപ്പിച്ച അപേക്ഷകള്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസിലേക്ക് നേരിട്ട് അയക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷകളും വിതരണം ചെയ്തു.
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സ്റ്റാള്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനുള്ള അവസരമൊരുക്കി. മേളയുടെ ഭാഗമായി മൊബൈല്‍ പരിശോധന യൂണിറ്റും സജ്ജീകരിച്ചിരുന്നു. ഗുണനിലവാര പരിശോധനയ്ക്കായി കുടിവെള്ളം, തേന്‍, നെയ്യ് മറ്റു ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുമായി എത്തിയവരുമുണ്ടായിരുന്നു.
കൊല്ലം  സിറ്റി പോലീസിന്റെയും തുറമുഖ വകുപ്പിന്റെയും സ്റ്റാളുകളിലെ  സന്ദര്‍ശക ഡയറിയില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം ഒട്ടേറെ പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
വിദ്യാര്‍ഥികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്തുന്നത് ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന അഡീഷല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ(അസാപ്) സ്റ്റാളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.  വിദ്യാര്‍ഥികള്‍ക്കായി അസാപ് തത്സമയ അഭിരുചി പരിശോധന നടത്തുകയും തുടര്‍ പഠനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ സ്റ്റാളില്‍ നികുതി സംബന്ധിച്ച സംശയനിവാരണത്തിനും സാഹയത്തിനുമായി എത്തിയവര്‍ ഏറെയാണ്.
ആരോഗ്യ വകുപ്പ് കുട്ടികള്‍ക്കായി മെന്റല്‍ എബിലിറ്റി ടെസ്റ്റ് നടത്തുകയും ചികിത്സ ആവശ്യമുള്ളവര്‍ക്ക് തുടര്‍ നടപടികള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. പ്രാഥമിക ശുശ്രുഷക്കുള്ള മരുന്നുകള്‍ ഹോമിയോ വകുപ്പിന്റെ സ്റ്റാളില്‍ വിതരണം ചെയ്തു. ആയൂര്‍വേദ വകുപ്പ് സന്ദര്‍ശകര്‍ക്കായി മെഡിക്കല്‍ ക്യാമ്പ്  നടത്തി മരുന്നുകള്‍ നല്‍കി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും ഉറപ്പാക്കി.
വിമുക്തി; താഴേത്തട്ടിലുള്ള പ്രവര്‍ത്തനം ശക്തമാക്കും
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവര്‍ജ്ജന മിഷനായ വിമുക്തിയുടെ പ്രവര്‍ത്തനം ജില്ലയില്‍ ഊര്‍ജ്ജിതമാക്കാന്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല കമ്മിറ്റി യോഗം തീരുമാനിച്ചു.
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും കമ്മിറ്റികള്‍ ഒരു മാസത്തിനുള്ളില്‍ യോഗം ചേരണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വിമുക്തിക്കായി അനുവദിച്ച ഫണ്ട് വിനിയോഗിച്ച കമ്മിറ്റികള്‍ ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിനിയോഗിക്കാത്ത സ്ഥലങ്ങളില്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഫലപ്രദമായി തുക വിനിയോഗിക്കണം. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ മുന്‍കൈ എടുക്കണം.
അധ്യയന വര്‍ഷാരംഭം കണക്കിലെടുത്ത് സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന് എക്‌സൈസ് വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണം. ക്ലാസ് അരംഭിച്ചു കഴിയുമ്പോള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്കരണം സജീവമാക്കണം.
ജില്ലയില്‍ ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണെങ്കിലും കൂടുതല്‍ ജാഗ്രത വേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
അടുത്ത രണ്ടു മാസക്കാലം കൂടുതല്‍ ക്രിയാത്മകയമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇതില്‍ നെഹ്‌റു യുവകേന്ദ്രയുടെയും ആരോഗ്യവകുപ്പിലെ വിദഗ്ധരുടെയും സേവനം തേടാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീണര്‍ എസ്. സലീം, അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ. സനു, വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ജയരാജ്, മറ്റ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.