പാസ് വിതരണം നിര്‍ത്തി; കൂട്ടിരുപ്പുകാര്‍ക്കും നിയന്ത്രണം

ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ സന്ദര്‍ശന പാസ് വിതരണം നിര്‍ത്തി. വൈകിട്ട് നാലു മുതല്‍ ആറുവരെ പൊതുജനങ്ങള്‍ക്കായുള്ള പതിവ് സന്ദര്‍ശനമുള്‍പ്പെടെ എല്ലാ സന്ദര്‍ശനങ്ങളും നിരോധിച്ചു. ഒ.പി. പ്രവര്‍ത്തനം സമയം രാവിലെ എട്ടു മുതല്‍ 11 വരെയാക്കി നിജപ്പെടുത്തി.

രോഗികളുടെ കൂട്ടിരിപ്പുകാര്‍ വഴി രോഗം പടരുന്നതായി കണ്ടെത്തിയതിനാല്‍ രോഗികളുടെ കൂടെ ഒരു സഹായി/ കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കു. ഇങ്ങനെ വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ആന്റിജന്‍ ഫലം/രണ്ട് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ ഹാജരാക്കണം.

ഗുരുതരമല്ലാത്ത രോഗങ്ങളുടെ ചികിത്സക്കായി ആശുപത്രിയെ സമീപിക്കാതെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോവുക. ആശുപത്രി പരിസരത്തും വാര്‍ഡുകളിലും കൂട്ടംകൂടി നില്‍ക്കുന്നത് കര്‍ശനമായി നിരോധിച്ചു. രോഗികളും കൂട്ടിരിപ്പുകാരും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണമെന്നും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.