കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ ഇനി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. സിറ്റി പൊലിസ് കമ്മീഷണര്‍ ടി. നാരായണനൊപ്പം കൊട്ടിയത്ത് വിവിധ വ്യാപാര സ്ഥാപനങ്ങളിലും ലേബര്‍ ക്യാമ്പിലും സന്ദര്‍ശനം നടത്തിയ കലക്ടര്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്.

ലേബര്‍ ക്യാമ്പില്‍ ഇതര സംസ്ഥാന തൊഴിലാളികളെ തിങ്ങി പാര്‍പ്പിച്ചിരിക്കുന്നതിനെതിരെ നോട്ടീസ് നല്‍കി. തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ തൊഴിലാളികളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ താമസിപ്പിക്കുകയാണെങ്കില്‍ അത്തരം ക്യാമ്പുകള്‍ അടപ്പിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ക്യാമ്പുകളില്‍ പൂര്‍ണമായ കോവിഡ് മാനദന്ധം ഉറപ്പാക്കണം.