ഇടുക്കി:  തൊടുപുഴ വെങ്ങല്ലൂരില്‍ ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ തുടങ്ങുന്ന കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (സിഎസ്എല്‍റ്റിസി) പ്രവര്‍ത്തന സജ്ജമായി. തൊടുപുഴയിലെ രണ്ടാമത്തെ സിഎസ്എല്‍റ്റിസിയാണിത്. ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്എല്‍റ്റിസിയിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് തൊടുപുഴ നഗരസഭയാണ്. എന്‍എച്ച്എം ന്റെ നേതൃത്വത്തിലാണ് സിഎസ്എല്‍റ്റിസിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കാറ്റഗറി ബി യില്‍ ഉള്‍പ്പെട്ട കോവിഡ് രോഗികളെയാണ് സി.എസ്.എല്‍.റ്റി.സി. യില്‍ പ്രവേശിപ്പിക്കുക. പനി, കടുത്ത തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ കൂടാതെ ജലദോഷ ലക്ഷണങ്ങളുള്ള 60 കഴിഞ്ഞവര്‍, ദീര്‍ഘകാല കരള്‍, വൃക്ക, ശ്വാസകോശ രോഗങ്ങളുള്ളവര്‍, ഹൃദ്രോഗികള്‍, പ്രമേഹമുള്ളവര്‍, അര്‍ബുദ രോഗികള്‍, ഗര്‍ഭിണികള്‍, എച്ച്‌ഐവി ബാധിതര്‍ തുടങ്ങിയവരാണ് കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്നത്.

65 രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സംവീധാനങ്ങളാണ് നിലവില്‍ ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി അഞ്ച് ബെഡുകള്‍ വീതമുള്ള ക്യാബിനുകള്‍ തിരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ 100 ബെഡ് സജ്ജീകരിക്കുന്നതിനുള്ള സ്ഥല സൗകര്യം ഇവിടുണ്ട്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ മാത്രം മുഴുവന്‍ ബെഡും ഉപയോഗിക്കും. പ്രവേശിപ്പിക്കുന്ന രോഗികള്‍ക്കായി കെട്ടിടത്തിലെ നാല് ശുചിമുറികള്‍ക്ക് പുറമേ നാല് ഇ-ടോയ്ലെറ്റുകളും നാല് ബാത്തിംഗ് ക്യാബിനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പ്രവേശിപ്പിക്കുന്ന എല്ലാ രോഗികള്‍ക്കും ഓക്സിജന്‍ കൊടുക്കുന്നതിനുള്ള സൗകര്യമിവിടെയുണ്ട്. ഇതിന് പുറമേ 12 ബെഡ് തീവ്ര പരിചരണ വിഭാഗത്തിനായി മറ്റി വച്ചിട്ടുണ്ട്.

സി.എസ്.എല്‍.റ്റി.സി. യില്‍ ഡോക്ടര്‍മാര്‍, ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സുമാര്‍, നഴ്സിങ് അസിസ്റ്റന്റുമാര്‍, മെഡിക്കല്‍ ഓഫീസര്‍, ക്ലീനിംഗ് സ്റ്റാഫുകള്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വോളന്റിയര്‍മാര്‍, ഫാര്‍മസിസ്റ്റ്, പബ്ളിക് ഹെല്‍ത്ത് സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെടെ 30 ജീവക്കാരോളം ഇവിടെ ജോലി ചെയ്യുക. ഇവര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിലാവും ജോലി. നാല് മണിക്കൂര്‍ വീതമുള്ള ആറ് ഷിഫ്റ്റുകളായാണ് ജോലിയുടെ ക്രമീകരണം. ഒരേ സമയം രണ്ട് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, വോളന്റിയര്‍മാര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ ഡ്യൂട്ടിയിലുണ്ടാവും. അടിയന്തിര ആവശ്യത്തില്‍ മറ്റ് ഡോക്ടര്‍മാരെ ഇവിടേക്കെത്തിക്കുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമേ ആയുര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനവും 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ രോഗ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനവും ആവശ്യമെങ്കില്‍ ലഭ്യമാക്കും. ആരോഗ്യ വിഭാഗത്തിലുള്ളതും പ്രത്യേകം പരിശീലനം ലഭിച്ചതുമായ ജിവനക്കാരെയാണ് ഇവിടേക്ക് നിയോഗിക്കുക. സി.എസ്.എല്‍.റ്റി.സിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പായി ഇവിടെ ജോലി ചെയ്യുന്ന ക്ലീനിംഗ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അവസാന ഘട്ട ട്രെയിനിങ് നല്‍കും. 10 ദിവസത്തെ കാലയളവിലേക്കാണ് ഇവിടേക്ക് ജിവനക്കാരെ നിയോഗിക്കുന്നത്.

സി.എസ്.എല്‍.റ്റി.സി. യുടെ ഭാഗമായുള്ള ഓഫീസ്, അഡ്മിനിസ്‌ട്രേഷന്‍, സ്റ്റോര്‍, ഫാര്‍മസി, ഡാറ്റാ എന്‍ട്രി എന്നീ വിഭാഗങ്ങള്‍ക്കും ജീവനക്കാര്‍ക്കായുള്ള താമസ സ്ഥലം, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ്, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമ സ്ഥലം എന്നിവക്കായി സിഎസ്എല്‍റ്റിസി ക്ക് സമീപത്ത് തന്നെ മറ്റൊരു കെട്ടിടം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. നിലവില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്എല്‍റ്റിസി യില്‍ ജോലി ചെയ്യുന്ന ഇതേ വിഭാഗങ്ങളിലെ ജീവനക്കാരെ കൂടി ഈ കെട്ടിടത്തിലേക്ക് മാറ്റും.

തൊടുപുഴ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രജിത്ത് കെ.ആര്‍. ആണ് വെങ്ങല്ലൂര്‍ സിഎസ്എല്‍റ്റിസിയുടെ നോഡല്‍ ഓഫീസര്‍. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും ഒരുക്കിയതായും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വെങ്ങല്ലൂര്‍ സിഎസ്എല്‍റ്റിസി തുറന്ന് പ്രവര്‍ത്തിക്കുമെന്നും തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് പറഞ്ഞു.