സംസ്ഥാനത്ത് ആദ്യമായി സ്വതന്ത്രസോഫ്റ്റ്വെയറിലൂടെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് കേരളസര്‍ക്കാരിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ (ഐസിഫോസ്സ്) നടത്തുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

പൈത്തണ്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീന്‍ ലേണിംഗ്, ലാടെക്ക് എന്നിവയാണ് കോഴ്സുകള്‍. മേയ് 10ന് ക്ലാസ്സ് ആരംഭിക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍സിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്സില്‍ നേരിട്ട് സംവദിക്കാനാവുന്ന മൂഡില്‍ സൗകര്യം ഉപയോഗിച്ചാണ് പഠനം.

ദിവസം മൂന്ന് മണിക്കൂര്‍ വീതമായിരിക്കും ക്ലാസ്സ്. രാവിലെ 10 മുതല്‍ ഒന്നു വരെയും ഉച്ചക്കുശേഷം 2 മുതല്‍ 5 വരെയായിരിക്കും പരിശീലനം. പൊതുവായും ഇന്‍ഡസ്ട്രിയിലും ഫലപ്രദമായി പ്രയോഗിക്കാന്‍ പ്രാപ്തമായ രീതിയിലാണ് കോഴ്സുകളുടെ പാഠ്യക്രമം. പരിശീലനത്തിന് ശേഷം ഓണ്‍ലൈന്‍ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. എന്‍ജിനിയറിങ് ടെക്നോളജി, സയന്റിഫിക് റിസര്‍ച്ച് എന്നീ മേഖലകളില്‍ സര്‍ഗ്ഗാത്മകതയും പ്രശ്നപരിഹാര കഴിവുകളും വളര്‍ത്തിയെടുക്കാന്‍ കോഴ്സുകള്‍ സഹായിക്കും.

മറ്റ് കോഴ്സുകള്‍ പഠിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യാര്‍ഥം സായാഹ്ന ബാച്ചുകളും ഒരുക്കിയിട്ടുണ്ട്. തത്സമയ വിനിമയത്തിലൂടെയാണ് ക്ലാസ്സുകള്‍ എടുക്കുന്നത്.
ഒരു ബാച്ചില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്‍ അനുസരിച്ച് കൂടുതല്‍ ബാച്ചുകള്‍ ക്രമീകരിക്കും. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ https://icfoss.in/events/upcoming എന്ന വെബ്സൈറ്റിലൂടെ മേയ് 7 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്, ഫോണ്‍: +91 471 2700013, 7356610110.