മലപ്പുറം: കോവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ റെക്കോര്‍ഡുകള്‍ തിരുത്തി മലപ്പുറം ജില്ല. വ്യാഴാഴ്ചയിലേതിനും 88 രോഗികള്‍ വര്‍ധിച്ച് 3,945 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 30) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 31.94 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,761 പേര്‍ക്കും ഉറവിടമറിയാതെ 148 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 31 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ 1,099 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗവിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,32,279 ആയി. ജില്ലയില്‍ നിലവില്‍ 42,298 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 34,849 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 871 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 210 പേരും 262 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 673 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.