50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡബിൾ മാസ്‌ക്ക് ധരിക്കുന്നത് കോവിഡിനെതിരായ സുരക്ഷ വർധിപ്പിക്കും.
വാൾവ് ഘടിപ്പിച്ച മാസ്‌കുകൾ ധരിക്കുന്നത് പരിപൂർണമായി ഒഴിവാക്കണം. എക്‌സ്ഹലേഷൻ വാൾവുള്ള മാസ്‌കുകൾ ഇവിടെ നിരോധിക്കപ്പെട്ടതാണ്. എൻ 95 മാസ്‌ക്ക് ഉപയോഗിക്കുകയോ, അല്ലെങ്കിൽ സർജിക്കൽ മാസ്‌കിനു മുകളിൽ തുണി മാസ്‌കു ധരിക്കുകയോ ആണ് വേണ്ടത്.

ഓക്‌സിജൻ വീട്ടിൽ ഉത്പാദിപ്പിക്കാം എന്നു പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പടർത്തുന്ന സന്ദേശങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. അതെല്ലാം അടിസ്ഥാനരഹിതവും അപകടം വിളിച്ചു വരുത്തുന്നവയുമാണ്. ഇത്തരത്തിലുള്ള അശാസ്ത്രീയമായ പ്രചാരണം നടത്തരുത്. ഇതിൽ കുടുങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

ഗ്രാമപ്രദേശങ്ങളിലെ കോവിഡ് വ്യാപനം തടയുന്നതിന് വീട്ടമ്മമാരുടെയും സ്ത്രീകളുടെയും സേവനം വിനിയോഗിക്കും. ജില്ലകളിൽ പ്രവർത്തിക്കുന്ന വനിതാ പോലീസ് സ്റ്റേഷനുകൾ, വനിതാ സെൽ എന്നിവിടങ്ങളിലുളളവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. വനിതാ പോലീസ് ഉദ്യോഗസ്ഥർ ഗ്രാമപ്രദേശങ്ങൾ സന്ദർശിച്ച് വീട്ടമ്മമാർക്കും സ്ത്രീകൾക്കും കോവിഡ് അവബോധന ക്ലാസുകൾ നൽകും. ക്വാറന്റീൻ ലംഘനങ്ങളും സർക്കാർ മാർഗ്ഗനിർദ്ദേശത്തിന്റെ ലംഘനങ്ങളും കണ്ടെത്തി പോലീസിനെ അറിയിക്കാൻ സ്ത്രീകളെ സജ്ജരാക്കും. കോവിഡ് പോസിറ്റീവ് രോഗികൾക്കും ക്വാറന്റീനിൽ ഉള്ളവർക്കും ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ വിശദീകരിച്ചു നൽകാനും ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ സേവനം വിനിയോഗിക്കും.

എത്ര വലിയ ആരാധനാലയങ്ങളിലും പരമാവധി 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുളളത്. ചെറിയ ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവരുടെ എണ്ണം അവയുടെ വലിപ്പം അനുസരിച്ച് 50 ൽ താഴെയായി പരിമിതപ്പെടുത്തേണ്ടതാണ്. സാമൂഹിക അകലം പാലിക്കാത്ത തരത്തിൽ ആരാധനാലയങ്ങളിൽ വിശ്വാസികൾ കടക്കുന്നില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉറപ്പാക്കും. ഇതിനായി അവർ ആരാധനാലയങ്ങളിലെ ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണം.

വോട്ടെണ്ണൽ ദിനത്തിൽ യാതൊരു വിധത്തിലുമുളള ആഘോഷപ്രകടനങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് എടുത്ത തീരുമാനമാണതെന്ന് മുഖ്യമന്ത്രി പറഞ്ഞു.