മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 03) 3,278 പേര്‍കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.28 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്നതാണ് ജില്ല നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. തിങ്കളാഴ്ച 3,029 പേര്‍ക്കാണ് വൈറസ്ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 142 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 43 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 62 പേര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

രോഗവ്യാപനം വര്‍ധിക്കുന്നതിനൊപ്പം വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു എന്നത് ആശ്വാസമാകുകയാണ്. തിങ്കളാഴ്ച മാത്രം 1,912 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,37,523 ആയി. 58,264 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 39,316 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,135 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 196 പേരും 303 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെയായി ജില്ലയില്‍ 692 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.