സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ‘നവകേരളം 2018’ന്റെ ഭാഗമായി പാലക്കാടന്‍ പെരുമ എന്ന പേരില്‍ ചിത്രരചന മത്സരവും ക്ലാസും സംഘടിപ്പിച്ചു. കേരളാ ലളിതകലാ അക്കാദമി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നവകേരളം 2018ന്റെ സംഘാടക സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 10 വയസ് വരെയും 10 മുതല്‍ 15 വയസ് വരെയുള്ള കുട്ടികളുടെയും രണ്ട് വിഭാഗങ്ങളിലായി കേരള പെരുമയെന്ന വിഷയത്തിലാണ് ചിത്ര രചന മത്സരം നടത്തിയത്.
പാലക്കാട് കോട്ടമെതാനത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ചിത്രം വരച്ച് കേരള ലളിതകലാ അക്കാദമി നിര്‍വാഹക സമിതി അംഗം ബൈജു ദേവ് നിര്‍വഹിച്ചു. എല്ലാ കുട്ടികളിലും ഒരോ ചിത്രകാരനുണ്ട്. അത് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലളിതകലാ അക്കാദമി ഗ്രാമപ്രദേശങ്ങളിലും കാംപ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവില്‍ ഇത്തരം 100 കാംപുകള്‍ സംഘടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം ശ്രീനിവാസന്‍ ചിത്രരചന ക്ലാസെടുത്തു. നൂറോളം കുട്ടികള്‍ മത്സരത്തിലും ക്ലാസിലും പങ്കെടുത്തു.
പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ടി.ആര്‍. അജയന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി. അജേഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ.ആര്‍. സന്തോഷ് ലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ എന്നിവര്‍ സംസാരിച്ചു.
