തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രാൻസിറ്റ് വാർഡിൽ ഇന്നു (06 മേയ്) മുതൽ പുതിയ സെമി ഐ.സി.യു. വാർഡ് സജ്ജമാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇതിനു പുറമേ ആശുപത്രിയിലെ രണ്ടു ട്രോമ വാർഡിലും ഉടൻ സെമി ഐ.സി.യു. വാർഡുകൾ ആരംഭിക്കുമെന്നും കളക്ടർ പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു കളക്ടർ.
രണ്ടു ട്രോമ വാർഡുകൾ ഐ.സി.യു. വാർഡ് ആക്കി മാറ്റുന്നതിനുള്ള നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ കളക്ടർ നിർദേശം നൽകി. ആശുപത്രിയിലെ ഓക്‌സിജൻ ലഭ്യത സംബന്ധിച്ച പരിശോധന നടത്തിയ കളക്ടർ ലിക്വിഡ് ഓക്‌സിജൻ, ഓക്‌സിജൻ മാനിഫോൾഡ് സംവിധാനങ്ങളും സന്ദർശിച്ചു. ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.