ആലപ്പുഴ: ദിവസകൂലിയില്‍ നിന്ന് മിച്ചം പിടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കി തൊഴിലുറപ്പ് തൊഴിലാളി. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ മാപ്പിളത്തറ വീട്ടില്‍ തങ്കമ്മയാണ് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.

ചുമട്ടു തൊഴിലാളിയായിരുന്ന തങ്കമ്മ കഴിഞ്ഞ കുറച്ചുനാളുകളായി തൊഴിലുറപ്പ് ജോലികള്‍ ചെയ്തു വരികയായിരുന്നു. ഇതില്‍ നിന്നും വരുമാനമായി ലഭിച്ച ചെറിയ കൂലിയില്‍ നിന്ന് സ്വരൂപിച്ച് വെച്ച തുകയാണ് തന്റെ അമ്മ കാര്‍ത്യായനിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.

കൊറോണക്കാലത്തെ അതിജീവനത്തിന് സര്‍ക്കാരിലേക്ക് തന്നാലാവും വിധം സഹായം ചെയ്യണമെന്നു തോന്നി. അതിനാലാണ് ഈ തുക കൈമാറിയതെന്ന് തങ്കമ്മ പറയുന്നു. ചേര്‍ത്തല തഹസില്‍ദാര്‍ പി. ജി. രാജേന്ദ്രബാബു തങ്കമ്മയുടെ പക്കല്‍ നിന്നും തുക ഏറ്റുവാങ്ങി.