ആലപ്പുഴ: കോവിഡ് 19 പ്രതിരോധവും ചികിത്സാ സംവിധാനവും ശക്തിപ്പെടുത്താനുള്ള കര്‍ശന നിര്‍ദ്ദേശവുമായി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍. ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പെരുമ്പളം, പട്ടണക്കാട്, ചേര്‍ത്തല തെക്ക്, ചേര്‍ത്തല വടക്ക് എന്നീ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതി വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു നിര്‍ദ്ദേശം. എല്ലാ വാര്‍ഡുകളിലും ദ്രുതകര്‍മ സേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം.

ക്വാറന്റൈനിലുള്ളവര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍, സെക്കണ്ടറി സമ്പര്‍ക്ക പട്ടികയിലുള്ളവര്‍, ആരാധനാലയങ്ങളിലും മറ്റും ആളുകള്‍ കൂടുതലായി എത്തുന്ന അവസ്ഥ, ആളുകളുടെ അനാവശ്യ സഞ്ചാരം എന്നിവ നിയന്ത്രിക്കാന്‍ പ്രത്യേകം വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ശ്രദ്ധിക്കണം. രോഗബാധ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇനിയും രോഗം പടരാതിരിക്കാനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വാക്സിനേഷന്‍ നല്‍കുമ്പോള്‍ 60 വയസിന് മുകളില്‍ പ്രായമായവര്‍ക്കുള്ള രണ്ടാംഘട്ട വാക്സിനേഷന് പ്രഥമ പരിഗണന നല്‍കണം. സാധ്യമെങ്കില്‍ മുന്‍ഗണന പട്ടിക തയ്യാറാക്കണം. ദ്വീപ് പഞ്ചായത്തായ പെരുമ്പളത്ത് രോഗബാധിതര്‍ക്കായി കൃത്യമായ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.