മലപ്പുറം: താനാളൂര്‍ മൂലക്കലിലെ ദയ ഹോസ്പിറ്റല്‍ കോവിഡ് ആശുപത്രിയായി ഏറ്റെടുത്ത്  നടത്തിപ്പ് താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 2005 ലെ ദുരന്തനിവാരണ നിയമവും 2020 ലെ കേരള പകര്‍ച്ചവ്യാധിരോഗ നിയമ പ്രകാരവുമാണ് നടപടി.

അഞ്ച് നിലകളിലായുള്ള ആശുപത്രി കെട്ടിടത്തില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ട്. കെട്ടിടത്തില്‍ 205 കിടക്കകളും 64 ഓക്‌സിജന്‍ ബെഡ്ഡുകളും 10 ബെഡ്ഡോഡുകൂടിയ ഐ.സി.യുവും രണ്ട് വെന്റിലേറ്റര്‍ സംവിധാനങ്ങളുമുണ്ട്. രണ്ടാമത്തെ നിലയില്‍ ജനറല്‍ വാര്‍ഡില്‍ 20 പേര്‍ക്കും റൂമുകളില്‍ രണ്ട് പേരടക്കം 44 പേര്‍ക്കും  മൂന്ന്, നാല്  നിലകളില്‍ 24  വീതമുള്ള റൂമുകളില്‍ 48 പേര്‍ക്കും സൗകര്യമുണ്ട്.  അഞ്ചാം നിലയില്‍ 20 കിടക്കകളാണ് കിടത്തി ചികിത്സയ്ക്കുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിവസങ്ങളായി 30 ശതമാനത്തിന് മുകളിലാണ്. നിലവിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക്  താങ്ങാവുന്നതിലധികമായി രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ അത്യാവശ്യമായി വന്നിരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു