കോട്ടയം മെഡിക്കൽ കോളേജിൽ പുതുതായി പ്രവർത്തനമാരംഭിച്ച അത്യാഹിത വിഭാഗത്തിൽ ക്രമീകരിച്ചിട്ടുള്ള അത്യാധുനിക ട്രോമ കെയർ സംവിധാനം ചികിത്സാരംഗത്ത് നാഴികക്കല്ലാകുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. ജില്ലയിലെ മന്ത്രിസഭാ വാർഷികാഘോഷ സമാപനവും ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ശബരിമല ഉൾപ്പെടെയുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയം മെഡിക്കൽ കോളേജിൽ ആൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ മാതൃകയിൽ ആധുനിക ട്രയാജ് സംവിധാനങ്ങളോടെ 36 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാഹിത വിഭാഗം അനേകം രോഗികൾക്ക് ആശ്വാസമാകും. ആശുപത്രികൾ രോഗീസൗഹൃദമാക്കാനുള്ള വലിയ ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. 4300 പുതിയ തസ്തികകൾ ഈ രംഗത്ത് സൃഷ്ടിച്ചു. എങ്കിലും നിലവിലെ സ്റ്റാഫ് പാറ്റേൺ ഇനിയും പരിഷ്‌കരിക്കേണ്ടതുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ജെൻഡർ ക്ലിനിക്കിന് കോട്ടയം മെഡിക്കൽ കോളേജിൽ തുടക്കമായത് വലിയ നാഴികക്കല്ലാണ്. നീപ വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ മികച്ച പ്രവർത്തനമാണ് ആരോഗ്യ വകുപ്പ് കാഴ്ചവെച്ചിട്ടുള്ളത്. ആർദ്രം പദ്ധതിയുടെ രണ്ടാം ഘട്ടം പൂർണമാകുമ്പോൾ നമ്മുടെ സർക്കാർ ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രങ്ങളാകും- മന്ത്രി പറഞ്ഞു.