കണ്ണൂർ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും അവശ്യസാധനങ്ങളുടെ ലഭ്യതക്ക് തടസ്സമുണ്ടാവില്ലെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.  സാധനങ്ങളുടെ വിതരണത്തിനായി ആര്‍ ആര്‍ ടിമാര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, അവശ്യസാധന വില്‍പന കേന്ദ്രങ്ങളിലെ വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പ്രതേ്യക പാസ് സംവിധാനം ഏര്‍പ്പെടുത്തും.  ഇത്തരത്തില്‍ ഹോം ഡെലിവറി സംവിധാനം ശക്തിപ്പെടുത്തും.  ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിതേ്യാപയോഗ സാധനങ്ങള്‍ക്ക് അമിത വിലയീടാക്കുന്നത് തടയാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക  സംഘത്തെ നിയോഗിക്കും.

വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും.  ഇതിന്റെ രൂപരേഖ തയ്യാറാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സമിതിക്ക് രൂപം നല്‍കി.   ആദ്യഘട്ടത്തില്‍ പി എം കെയറിലെ തുക ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനയാവും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുക.
ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷന്‍, ചെക്ക് പോസ്റ്റുകള്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ പരിശോധനാ സംവിധാനം ശക്തമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.