ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണകൂടവും തൊഴില്‍ വകുപ്പും. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം. ഫിറോസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ നേരിട്ട് കണ്ട് വിവരങ്ങള്‍ ബോധ്യപ്പെടുത്തി. ജില്ലയിലെ 110 അതിഥി തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

കോവിഡ് വ്യാപനത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണെന്നും തൊഴിലാളികളെ അറിയിച്ചു. തുടര്‍ന്ന് തൊഴിലിടങ്ങളിലും ക്യാമ്പുകളിലും ഗുണനിലവാരമുള്ള മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുവായ ശുചിത്വത്തെക്കുറിച്ചും വിശദമായി വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണം നടത്തി.

തൊഴിലാളികള്‍ക്കാവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കണമെന്നും രോഗലക്ഷണമുള്ള തൊഴിലാളികള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണമെന്നും ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ 27210 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ഇതിനകം ശേഖരിച്ചിട്ടുള്ളത്. ജില്ലാ ലേബര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതിനായി വരുന്ന കോളുകള്‍ക് കൃത്യമായി മറുപടി നല്‍കി വരുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേകമായി സിഎഫ്എല്‍ടിസികള്‍ ആരംഭിക്കുന്നതിന് കെട്ടിടം കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണ്. വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) പുരുഷോത്തമന്‍ ആണ് അതിഥി തൊഴിലാളികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന നോഡല്‍ ഓഫീസര്‍.