റീബിൽഡ് കേരളയുടെ ഭാഗമായ റിസൈലന്റ് കേരള വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്റേയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റേയും 250 മില്യൺ യു. എസ് ഡോളർ സഹായം ലഭിക്കും. ഇതുസംബന്ധിച്ച് ലോകബാങ്ക്, എ. ഐ. ഐ. ബി, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ എന്നിവർ ഉടൻ കരാറിലേർപ്പെടും. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം, പകർച്ചവ്യാധി മഹാമാരി എന്നിവയെ ചെറുക്കാനുള്ള കേരളത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനാണ് സഹായം.

ലോകബാങ്ക് നേരത്തെ 1779 കോടി രൂപയുടെയും ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് 100 മില്യൺ യൂറോയുടെയും സഹായം ലഭ്യമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച പ്രൊപ്പോസൽ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചിരുന്നു. ലോകബാങ്കുമായി നേരത്തെ ചർച്ചകൾ പൂർത്തിയായിരുന്നു. എ. ഐ. ഐ. ബിയുമായി അടുത്ത ആഴ്ച ചർച്ച നടക്കും. ഇതിനു ശേഷം കേന്ദ്ര സർക്കാർ ആദ്യം ബാങ്കുകളുമായി കരാർ ഒപ്പുവയ്ക്കും. തുടർന്നാണ് സംസ്ഥാനം കരാറിലേർപ്പെടുക. കേരളത്തിന്റെ ആസ്തി മെച്ചപ്പെടുത്തി അപകടങ്ങളെ അതിജീവിക്കാനും പ്രളയത്തെ ചെറുക്കാനും ഹരിത കേരള പുനർനിർമാണത്തിനും പദ്ധതി ഉപകരിക്കും.