ഐ റ്റി ഐ ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം മികവുറ്റതാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി എം എം മണി. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ഹൈടെക് വിദ്യാഭ്യാസം നൽകുക, മികച്ച ജീവിതം സാഹചര്യം ഒരുക്കാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മികച്ച അന്തരീക്ഷവും സ്‌കൂളുകളിൽ ഉറപ്പുവരുത്തുക തുടങ്ങി കാര്യങ്ങളിൽ സർക്കാർ ശ്രദ്ധചെലുത്തുമെന്നും മന്ത്രി പറഞ്ഞു. രാജാക്കാട് കൊച്ചുമുല്ലക്കാനത്ത് സ്ഥാപിച്ചിട്ടുള്ള പുതിയ ഐ റ്റി ഐ മന്ദിരത്തിന്റെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2008 ൽ പ്രവർത്തനമാരംഭിച്ച ഐ റ്റി ഐ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, രാജാക്കാട് സർവ്വീസ് സഹകരണ ബാങ്കിനു സമീപത്തെ താൽക്കാലിക കെട്ടിടം എന്നിവടങ്ങളിലായാണ് ഇതുവരെ പ്രവർത്തിച്ചു വന്നിരുന്നത്. ഹൈറേഞ്ചിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിതുറന്നാണ് അധ്യാധുനിക സൗകര്യങ്ങളോടുകൂടി സർക്കാർ ഐ റ്റി ഐ പുതിയ മന്ദിരത്തിൽ പ്രവർത്തനം ആരംഭിക്കുക.
രാജാക്കാട് ഗ്രാമപഞ്ചായത്ത് 16 ലക്ഷം രൂപ മുതൽ മുടക്കി വാങ്ങിയ സ്ഥലത്ത് വ്യവസായിക പരിശീലന വകുപ്പ് അനുവദിച്ച 4 കോടി 20 ലക്ഷം രൂപ മുതൽ മുടക്കി പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെയാണ് കെട്ടിടമന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. നിലവിൽ പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതോടെ കൂടുതൽ വിദ്യാർത്ഥികൾ രാജാക്കാട് സർക്കാർ ഐ റ്റി ഐ യിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ എത്തും.ഐ റ്റി ഐ യുടെ പുതിയ മന്ദിരത്തിന്റെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ ഉദ്ഘാടനം നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാർ നിർവ്വഹിച്ചു.വർക്കഷോപ്പ് ബിൽഡിംഗിന്റെ ഉദ്ഘാടനം രാജാക്കാട് ഗ്രാമപഞ്ചായ്ത്ത് പ്രസിഡന്റ് എം എസ് സതി നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഐ റ്റി ഐ യുടെ പുതിയ മന്ദിരം നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകിയവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വ്യവസായ പരിശീലന വകുുപ്പ് അഡീഷ്ണൽ ഡയറക്ടർ പി കെ മാധവൻ,പി ഡബ്ലൂ ഡി എക്‌സിക്യൂട്ടിവ് എൻജിനീയർ ഹരിലാൽ ഡി തുടങ്ങിവർ സംസാരിച്ചു.
