ആലപ്പുഴ: ജില്ലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി മാവേലിക്കരയിലെ ഓക്‌സിജൻ ഉത്പാദനസ്ഥാപനമായ ട്രാവൻകൂർ ഓക്‌സിജൻ ലിമിറ്റഡിന്റെ ദൈനംദിന പ്രവർത്തനം വിലയിരുത്താനാനും ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. ചെങ്ങന്നൂർ ഭൂരേഖ തഹസിൽദാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിച്ച് ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവിട്ടു. മാവേലിക്കര എസ്.എച്ച്.ഒ., ജോയിന്റ് ആർ.ടി.ഒ., ഫയർ-റസ്‌ക്യൂ സ്‌റ്റേഷൻ ഓഫീസർ, താലൂക്ക് വ്യവസായ ഓഫീസർ എന്നിവർ അംഗങ്ങളായ സമിതിയും രൂപീകരിച്ചു.

ട്രാവൻകൂർ ഓക്‌സിജൻ ലിമിറ്റഡിന്റെ പ്രവർത്തനം സമിതി ദൈനംദിനം വിലയിരുത്തും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ദൈനംദിനം വേണ്ട ഓക്‌സിജന്റെ ഉത്പാദനം നടക്കുന്നുണ്ടെന്നും ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്റെ 50 ശതമാനം ജില്ലയിൽ ലഭിക്കുന്നുണ്ടെന്നും ബാക്കി മാത്രമേ മറ്റു ജില്ലകളിലേക്ക് ആനുപാതികമായി നൽകുന്നുള്ളൂവെന്നും ഉറപ്പാക്കും. പ്ലാന്റിന്റെ പ്രവർത്തനം തടസമില്ലാതെ 24 മണിക്കൂറും നടക്കുന്നതിന് വൈദ്യുതിവിതരണം സുഗമമാക്കാൻ ഹരിപ്പാട് കെ.എസ്.ഇ.ബി. ചീഫ് എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി.