കോവിഡ് വ്യാപനം കണക്കിലെടുത്ത് പാലക്കാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി, സൈക്യാട്രി(ഐ.പി ) എന്നിവ ജില്ലാശുപത്രിയിൽ നിലനിർത്തും. ജില്ലാ ആശുപത്രിയിലെ മറ്റെല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളെയും പാലക്കാട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി ക്രമീകരിക്കും.
ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ ഫാർമസി കൗണ്ടർ, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ മെഡിക്കൽ കോളേജ് ഡയറക്ടർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
ലാബ് ടെസ്റ്റുകൾക്ക് മെഡിക്കൽ കോളേജിൽ കളക്ഷൻ പോയിന്റ് ഒരുക്കുകയും സ്പെസിമൻ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് ജില്ലാ ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ വാഹനം ഉപയോഗിക്കുകയും ചെയ്യാം. കളക്ഷൻ സെന്ററിലേക്കുള്ള ജീവനക്കാരെ ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിൽ നിന്നും നിയമിക്കാനും നിർദേശിച്ചു. ജില്ലാ ആശുപത്രിയിൽ നിന്നും ഒരു പോർട്ടബിൾ എക്സറേ മെഷീൻ, ഇ. സി. ജി മെഷീൻ എന്നിവ താൽക്കാലികമായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ഒ.പി നടക്കുന്ന സമയങ്ങളിൽ ഒരു റേഡിയോഗ്രാഫർ, ഇ. സി. ജി ടെക്നീഷ്യൻ എന്നിവരെ മെഡിക്കൽ കോളേജിൽ നിയമിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായുള്ള കൗണ്ടർ രാവിലെ എട്ടു മുതൽ വൈകിട്ട് നാലുവരെ ജില്ലാ ആശുപത്രിയിൽ നിന്നും സജ്ജമാക്കാനും നെറ്റ് കണക്ഷൻ ഉള്ള ഒരു കൗണ്ടർ മെഡിക്കൽ കോളെജിൽ സജ്ജമാക്കാനും ജില്ലാ കലക്ടർ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.
മെഡിക്കൽ കോളേജിൽ 100 ബെഡുകൾ കോവിഡ് ഇതര രോഗികൾക്കായി നിലനിർത്തും. ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന വിഭാഗങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെ ജില്ലാ ആശുപത്രി സൂപ്രണ്ട്, മെഡിക്കൽ കോളേജ് ഡയറക്ടർ എന്നിവർ ചേർന്ന് നിയമിക്കാനും ജില്ലാ കലക്ടർ നിർദ്ദേശിച്ചു. അധികമായി ആവശ്യം വരുന്ന സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ്, ഈ.സി.ജി, എക്സ്-റേ ടെക്നീഷ്യന്മാർ എന്നിവരെ എൻ. എച്ച്. എം മുഖേന നിയോഗിക്കാൻ എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജറെ ചുമതലപ്പെടുത്തും.
മെഡിക്കൽ കോളേജിൽ നിലവിലുള്ള ഒ.പി കൗണ്ടർ, കൗണ്ടർ സ്റ്റാഫ് എന്നീ സൗകര്യങ്ങളും ഉപയോഗിക്കും. ഐ.പി, ബില്ലിംഗ് എന്നിവയ്ക്കായി ഓരോ കൗണ്ടർ ജില്ലാ ആശുപത്രിയിലും ഒരുക്കും. ഇവിടേക്ക് ആവശ്യമായി വരുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ എൻ.എച്ച്.എം മുഖേന നിയമിക്കാൻ ജില്ലാ പ്രോഗ്രാം മാനേജറെ ചുമതലപ്പെടുത്തി.
കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി വിഭാഗങ്ങൾ ഒഴിച്ച് മറ്റെല്ലാ വിഭാഗങ്ങളിലെയും ഒ.പികൾ മെഡിക്കൽ കോളേജിൽ നടക്കും. സർജറി വിഭാഗത്തിലെ ഓപ്പറേഷൻ ആവശ്യങ്ങൾക്കായി ഒറ്റപ്പാലം, ആലത്തൂർ താലൂക്ക് ആസ്ഥാന ആശുപത്രികളിലെ സൗകര്യങ്ങൾ ഉപയോഗിക്കാമെന്നും ജില്ലാ കലക്ടർ അറിയിച്ചു.