മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു
ആര്യങ്കാവ് – റോസ് മല റോഡിന്റെ നിര്‍മാണോദ്ഘാടനം വനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. ആര്യങ്കാവ് പാലയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാലരുവി, ബോര്‍ഡിലോണ്‍ പ്ലോട്ട് എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനവും മന്ത്രി ഉദ്ഘാടനം ചെയ്തു.
അധികാരത്തിലേറി രണ്ട് വര്‍ഷത്തിനകം റോസ് മലയില്‍ വൈദ്യുതി എത്തിക്കാനും 168 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനും സര്‍ക്കാരിനു സാധിച്ചു. അവശേഷിക്കുന്ന പട്ടയങ്ങളും നല്‍കും. വനം വകുപ്പിന്റെ 3.05 കോടി രൂപ ചെലവഴിച്ച് പുതിയ റോഡ് നിര്‍മിക്കുകയാണ്. 15 കോടി ചെലവില്‍ അച്ചന്‍കോവില്‍- അലിമുക്ക് റോഡ് നിര്‍മാണവും പരിഗണനയിലുണ്ട്. പാലരുവിയില്‍ വിനോദസഞ്ചാരികള്‍ക്കായി പുതുതായി ഒരു ബസുകൂടി അനുവദിച്ചു. 110 ലക്ഷം രൂപയുടെ വികസനമാണ് ഇവിടെ നടപ്പിലാക്കുന്നത്. ആദ്യമായി തേക്ക് നട്ട ബോര്‍ഡിലോണ്‍ പ്ലോട്ട് സംരക്ഷിച്ച് വിനോദ സഞ്ചാര വികസനം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു
ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അച്ചന്‍കോവില്‍ സുരേഷ് അധ്യക്ഷനായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനിയമ്മ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആര്‍. ഷീജ,  ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.