ഇടുക്കി ജില്ലയിൽ കുമളി വില്ലേജിൽ തമിഴ്‌നാടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം അടിയന്തിരമായി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
വനം, ആർക്കിയോളജി, റവന്യൂ വകുപ്പുകളുടെ ഉദ്യോഗസ്ഥരും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരും യോഗത്തിൽ പങ്കെടുത്തു. 2016-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ആർക്കിയോളജി വകുപ്പ് പുനരുദ്ധാരണം നടത്തണമെന്നാണ് തീരുമാനം. നശിച്ചുപോയ വിഗ്രഹത്തിന് പകരം വിഗ്രഹം സ്ഥാപിക്കുന്നതിന്റെ ചുമതല ദേവസ്വം ബോർഡിനായിരിക്കും.
തേനി, ഇടുക്കി കലക്ടർമാരുടെ സംയുക്ത നേതൃത്വത്തിൽ ചിത്രാപൗർണമി ഉത്സവം വർഷംതോറും ഇവിടെ നടന്നുവരുന്നുണ്ട്. പൂജകൾ തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ ആചാരപ്രകാരമാണ് നടത്തുന്നത്. തമിഴ്‌നാട്ടിലെ തേനി ജില്ലക്ക് സമീപമാണെങ്കിലും ക്ഷേത്രം പൂർണമായി കേരളത്തിലാണ്. കുമളി ടൗണിൽ നിന്ന് 12 കി.മീറ്ററാണ് ഇവിടേക്ക് ദൂരം. എന്നാൽ കമ്പത്തുനിന്ന് 6 കി.മീറ്ററേയുളളൂ. ചരിത്രരേഖകൾ പ്രകാരം മംഗളാദേവി ക്ഷേത്രം പൂഞ്ഞാർ കോവിലകത്തിന്റെ കൈവശത്തിലായിരുന്നു. പിന്നീട് അത് തിരുവിതാംകൂർ രാജവംശത്തിന് കൈമാറി.
പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കാൻ വനം, റവന്യൂ വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. യോഗത്തിൽ ദേവസ്വം ബോർഡ് ചെയർമാൻ എ. പത്മകുമാർ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) എ.കെ.ധർണി, കണ്ണകി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വി. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
